നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള സ്വകാര്യബസ്സുകളുടെ മുഴുവന്‍ പെര്‍മിറ്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സമരം.
2006-ല്‍ നിലവിലുള്ള ബസ്സുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തി ദേശീയവല്‍ക്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സുപ്രീംകോടതിയും ഇതേ നിര്‍ദ്ദേശമാണ് നല്‍കിയത്. എന്നാല്‍ 2009-ല്‍ അതിന് വിരുദ്ധമായി കെ എസ് ആര്‍ ടി സിക്ക് ഇഷ്ടമുള്ള പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
ഇതിനെതിരെ സ്വകാര്യ ബസ്സുടമകള്‍ സ്റ്റേ വാങ്ങി. എന്നാല്‍ പിന്നീട് ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനത്തെ ശരിവച്ചതോടെ സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കിക്കിട്ടാത്ത സാഹചര്യമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പെര്‍മിറ്റ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.