ബസ് പ്ലാറ്റ്‍ഫോം തകര്‍ന്നു വീണു: വീട്ടമ്മയ്ക്ക് പരിക്ക്

ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (20:19 IST)
ഓടിക്കൊണ്ടിരുന്ന ബസിന്‍റെ പ്ലാറ്റ്ഫോം തകര്‍ന്നു വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ തെങ്കാശിയില്‍ നിന്ന് കൊട്ടാരക്കരയിലേക്കുള്ള യാത്രാ മദ്ധ്യേയാണു കായം‍കുളം കാപ്പില്‍ കിഴക്ക് കൃഷ്ണപുരം കൊച്ചുപുര പുത്തന്‍വീട്ടില്‍ രാജന്‍റെ ഭാര്യ സ്വാതി എന്ന 30 കാരിക്കാണ് നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റത്. 
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വച്ചായിരുന്നു അപകടം. ബസ് പുനലൂര്‍ സ്റ്റാന്‍ഡിനടുത്തെത്തിയതും സ്വാതി സീറ്റില്‍ നിന്ന് എഴുന്നേറ്റുനിന്നു. ഉടന്‍ തന്നെ ബസിന്‍റെ പ്ലാറ്റ്ഫോം മൂന്നടിയോളം വിസ്താരത്തില്‍ തകര്‍ന്നു  സ്വാതിയുമായി റോഡില്‍ വീഴുകയായിരുന്നു.
 
എന്നാല്‍ ഈ സമയം റോഡില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നത് രക്ഷയായി. ഓടിക്കൂടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് സ്വാതിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തമിഴ്നാട് ബസും ജീവനക്കാരും പൊലീസ് കസ്റ്റഡിയിലാണിപ്പോള്‍.  ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നാഗര്‍കോവിലില്‍ തമിഴ്നാട് ബസിന്‍റെ മുകള്‍ഭാഗം കാറ്റില്‍ പറന്നുപോയതും മറ്റൊരു ബസിന്‍റെ പ്ലാറ്റ്ഫോം തകര്‍ന്നു വീണതും.

വെബ്ദുനിയ വായിക്കുക