'ബിജെപി വന്നാൽ മീനും ഇറച്ചിയും കഴിക്കാൻ പറ്റില്ല', അവർ ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടും: വോട്ടർമാർക്ക് മുന്നറിയിപ്പുമായി മമത ബാനർജി

രേണുക വേണു

തിങ്കള്‍, 30 മാര്‍ച്ച് 2026 (12:16 IST)
കൊല്‍ക്കത്ത: കേരളവും തമിഴ്നാടും പശ്ചിമ ബംഗാളുമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് തിരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറ്റമുണ്ടാകുമെന്നും മീനും ഇറച്ചിയും കഴിക്കാന്‍ പോലും സമ്മതിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും മമത ആരോപിച്ചു. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മമത ബിജെപിയെ കടന്നാക്രമിച്ചത്.
 
'ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അവര്‍ നിങ്ങളുടെ അടുക്കളയില്‍ എന്ത് വേണമെന്ന് തീരുമാനിക്കും. ജനങ്ങള്‍ക്ക് മത്സ്യവും മാംസവും കഴിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. നിങ്ങളുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മമത പറഞ്ഞു. തൃണമൂലിനെതിരെ കുറ്റപത്രം പുറത്തിറക്കിയ അമിത് ഷാ സ്വന്തം ഭൂതകാല പ്രവര്‍ത്തികളുടെ പേരില്‍ സ്വയം കുറ്റപത്രം നേരിടേണ്ട വ്യക്തിയാണെന്നും മമത പരിഹസിച്ചു.
 
രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കാനാണ് ബിജെപി നീക്കമെന്നും വിവിധ സമുദായങ്ങളുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും കടന്നുകയറാന്‍ അനുവദിക്കില്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി.ബംഗാളിന്റെ തനതായ സംസ്‌കാരത്തെയും രീതികളെയും നശിപ്പിക്കാന്‍ നോക്കുന്ന പുറത്തുനിന്നുള്ള ശക്തികളെ ജനങ്ങള്‍ ചെറുക്കണമെന്നും മമത പറഞ്ഞു. തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എസ്‌ഐആറിലൂടെ 1.2 കോടി വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായും മമത വിമര്‍ശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍