സദ്യയൊരുക്കാൻ കൊണ്ടുവന്ന എരുമ വിരണ്ടോടി, പിടിക്കാന്‍ പോയ നവവരന്‍ പൊട്ടക്കിണറ്റില്‍ വീണു
വ്യാഴം, 23 ഏപ്രില്‍ 2015 (20:02 IST)
വിവാഹ സദ്യയ്ക്കായി ഇറച്ചി ആവശ്യത്തിന് കൊണ്ടുവന്ന എരുമ വിരണ്ടൊടിയത് കുമളിയെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെ കുമളി അട്ടപ്പള്ളത്താണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി എരുമ വിരണ്ടൊടിയത്. ഇതിനെ പിടിച്ച് കെട്ടാനായി പിന്നാലെയോടിയ പ്രതിശ്രുത വരനും കൂട്ടുകാർക്കും പൊട്ടക്കിണറ്റിൽ വീണ് പരിക്കേല്‍ക്കുകയും ചെയ്തു. ഒട്ടകത്തലമേട് സ്വദേശി കാഞ്ഞിരത്തിങ്കൽ ബിനുവിന്റെ വിവാഹ സദ്യയ്ക്കുള്ള ഇറച്ചിയ്ക്കുവേണ്ടി തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്ന എരുമയാണ് ചൊവ്വാഴ്ച വൈകിട്ടോടെ വിരണ്ടോടിയത്. ഒടുവില്‍ പൊലീസ്നിര്‍ദ്ദേശപ്രകാരം വെടിവെച്ഛുകൊന്നതോടെയാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന എരുമ പ്രശ്നം അവസാനിച്ചത്.
എരുമയെ പിടികൂടാൻ പ്രതിശ്രുത വരനും അയൽവാസികളും പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല. ഇതിനിടെ ഇവര്‍ക്ക് നേരെ എരുമ ആക്രമിക്കാനായി പാഞ്ഞടുത്തു. ഗത്യന്തരമില്ലാതെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വരനും കൂട്ടുകാരും പൊട്ടക്കിണറ്റില്‍ വീണത്. വരനും, കൂട്ടുകാരായ മെത്താനത്ത് ബിനോയി, അനീഷ് എന്നിവർക്ക് പൊട്ടക്കിണറ്റിൽ വീണ് പരിക്കേറ്റത്. ഇവര്‍ വീണ കിണറിന് മുകളില്‍ കൂടി എരുമ അനായാസം ചാടിക്കടന്ന് പോവുകയും ചെയ്തു.
എരുമ സമീപത്തെ കൃഷിയിടത്തിൽ ഒളിച്ച എരുമയെ പിടികൂടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സാധിക്കാത്തതിനാല്‍ ഒടുവില്‍ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് എരുമയെ വെടിവച്ചുകൊല്ലാന്‍ അനുമതി നല്‍കി. നിയമപരമായ കാരണങ്ങളാൽ തങ്ങളുടെ തോക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും ലൈസൻസുള്ള സ്വകാര്യ വ്യക്തികിളുടെ തോക്ക് ഉപയോഗിച്ച് വെടിവെക്കാവുന്നതാണെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് നാടൻ തോക്കുകൊണ്ട് വെടിവെച്ച് മാദ്ധ്യമ പ്രവർത്തകനായ അട്ടപ്പള്ളം സ്രാമ്പിക്കൽ പ്രസാദ് എരുമയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.