ഉപഭോക്താക്കൾ വെട്ടിലായി; ആറു ലക്ഷം എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്‌തു

തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (19:18 IST)
സുരക്ഷാകാരണങ്ങൾ മുൻനിർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അനുബന്ധബാങ്കുകളും ഉപഭോക്‌താക്കൾക്കു നൽകിയിരുന്ന ആറു ലക്ഷം എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് കാർഡുകൾ ബ്ലോക്ക് ചെയ്തതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

അതേസമയം, മുൻകൂട്ടി അറിയിക്കാതെ കാർഡ്‌ ബ്ലോക്ക് ചെയ്തതോടെ ഉപഭോക്താക്കൾ വെട്ടിലായി. കാർഡ്‌ ബ്ലോക്കായവർ എത്രയുംവേഗം സമീപത്തുള്ള ബാങ്കിലെത്തി പുതിയ കാർഡിന് അപേക്ഷ നൽകണം. ചിപ്പ് ഘടിപ്പിച്ച കാർഡുകളാണ് പുതുതായി ഇടപാടുകാർക്ക് നൽകുന്നത്. എല്ലാവരും എടിഎം കാർഡിന്റെ പിൻനമ്പർ മാറ്റണമെന്നും ബാങ്ക് അധികൃതർ നിർദേശിക്കുന്നു.

തട്ടിപ്പ് നടന്ന എടിഎം കൗണ്ടറുകളിൽ ഉപയോഗിച്ച കാർഡുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഇതിൽ വിദേശത്ത് ഇടപാടു നടത്തിയ കാർഡുകളും ഉൾപ്പെടുന്നുണ്ട്. ചില ഇടപാടുകാരുടെ പണം അമേരിക്കയിൽനിന്നും ചൈനയിൽനിന്നും പിൻവലിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരമായി എടിഎം കാർഡുകൾ കൂട്ടത്തോടെ ബ്ലോക്കു ചെയ്തത്.

കാർഡ് ബ്ലോക്ക് ചെയ്ത വിവരം ഇടപാടുകാരെ എസ്എംഎസ് വഴി അറിയിച്ചിരുന്നെന്നാണ് ബാങ്കുകൾ അവകാശപ്പെടുന്നത്. എന്നാൽ, പലരും എടിഎം കൗണ്ടറിൽ എത്തി പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് വിവരം അറിയുന്നത്.

വെബ്ദുനിയ വായിക്കുക