കണ്ണൂരിലെ ആർഎസ്എസ് കേന്ദ്രത്തില്‍ സ്‌ഫോടനം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു, ദുരൂഹതയുണ്ടെന്ന് പൊലീസ്

തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (19:59 IST)
തലശ്ശേരി ധർമ്മടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കണ്ണൂരില്‍ ബോംബ് പൊട്ടി മരിച്ചു. താമിക്കുന്ന് പുതിയാണ്ടി സ്വദേശി സജീവനാണ് (45) മരിച്ചത്. ബോംബ് നിര്‍മാണത്തിനിടെയാണോ ഉപേക്ഷിച്ച ബോംബ് പൊട്ടിയാണോ മരണം സംഭവിച്ചത് എന്നു വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരിഭിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.

ആർഎസ്എസ്- ബിജെപി ശക്തി കേന്ദ്രമായ ചെള്ളയിൽ കടപ്പുറത്താണ് സജീവന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബോംബ് പൊട്ടിയ സ്ഥലത്തുനിന്നു അമ്പത് മീറ്ററോളം അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ പാറക്കെട്ടുകള്‍ക്ക് ഇടയിലുള്ള ഗുഹയിലാണ് സ്‌ഫോടനം ഉണ്ടായത്. സജീവൻറെ ഇടതു കൈവിരലുകള്‍ ചിതറിയ നിലയില്‍ ഇവിടെ നിന്ന് ലഭിച്ചു. എന്നാല്‍ സജീവന്റെ മൃതദേഹം ലഭിച്ചത് കടപ്പുറത്തു നിന്നുമാണ്. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. സ്‌റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്.

വലിയ ശബ്‌ദത്തോടെ സ്‌ഫോടനം ഉണ്ടായ ഉടനെ സമീപവാസികള്‍ ഓടിയെത്തിയെങ്കിലും തേനീച്ചക്കൂട് ഇളകിയെന്നും തിരിച്ച പൊയ്‌ക്കോള്ളാനും ഒരു സംഘം ആളുകള്‍ പറഞ്ഞതായും നാട്ടുകാര്‍ വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ശബ്‌ദം കേട്ടത് പാറക്കെട്ടുകള്‍ക്ക് ഇടയിലെ ഗുഹയില്‍ നിന്നുമാണെന്ന് ഇവര്‍ പറഞ്ഞു.

സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും അവരുടെ ശക്തികേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചു. എന്നാല്‍, സിപിഎം ആരോപണം ആര്‍എസ്എസും നിഷേധിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക