ബിജെപി അല്ല എല്‍ഡിഎഫ് ആണ് മുഖ്യ എതിരാളി; മുഖ്യമന്ത്രിയെ തിരുത്തി കെപിസിസി അധ്യക്ഷന്‍

ശനി, 7 മെയ് 2016 (12:28 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫിന്റെ മുഖ്യ എതിരാളി ബി ജെ പി അല്ല എല്‍ ഡി എഫ് ആണെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. സംസ്ഥാനത്ത് ചില മണ്ഡലങ്ങളില്‍ ബി ജെ പി ആണ് യു ഡി എഫിന്റെ മുഖ്യ എതിരാളികള്‍ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇതാണ് സുധീരന്‍ തിരുത്തിയത്.
 
കേരളത്തിൽ യു ഡി എഫും എൽ ഡി എഫും തമ്മിൽത്തന്നെയാണ് പ്രധാന മത്സരം. ബി ജെ പിക്ക് ഏതെങ്കിലും രീതിയിലുള്ള മുന്നേറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. നുഴഞ്ഞുകയറാൻ ബി ജെ പി ശ്രമിക്കുമെങ്കിലും കേരളത്തിലെ ജനത അതിന് അനുവദിക്കില്ലെന്നും സുധീരൻ പറഞ്ഞു.
 
ബി ജെ പിക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസും ബി ജെ പിയും തമ്മിലാണ് പ്രധാനമത്സരം. സി പി എം മൂന്നാംസ്ഥാനത്ത് ആകും. ബംഗാളില്‍ എഴുന്നേറ്റു നില്‍ക്കാന്‍ സി പി എം കോണ്‍ഗ്രസിന്‍റെ കൈപിടിച്ച സ്ഥിതി അറിയാമല്ലോയെന്നും കുട്ടനാട്ടിലെ പ്രചരണ യോഗത്തിനിടെ ഉമ്മൻചാണ്ടി പറഞ്ഞിരുന്നു.
 
അരുവിക്കര ഉപതെരഞ്ഞടുപ്പിന് മുമ്പും ഉമ്മൻചാണ്ടി സമാനപ്രസ്താവന നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക