പയ്യന്നൂരില്‍ നടന്ന ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍കൂടി അറസ്റ്റില്‍. ബിഎംഎസ് മേഖലാ പ്രസിഡന്റ് അന്നൂരിലെ സികെ രാമചന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ കരിവെള്ളൂര്‍ മാലാപ്പിലെ കെ റിനീഷ് (33), കരിവെള്ളൂര്‍ കൂക്കാനത്തെ കെപി പ്രശോഭ് (29) എന്നിവരെയും കുന്നരു കാരന്താട്ടെ സിപിഎം പ്രവര്‍ത്തകന്‍ സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എട്ടിക്കുളം മൊട്ടക്കുന്നിലെ എം ലിജിനെയുമാണ് (23) പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ധനരാജ് വധക്കേസില്‍ ഏഴുപേരും രാമചന്ദ്രന്‍ വധക്കേസില്‍ നാലുപേരും പൊലീസ് പിടിയിലായി. ധനരാജ് വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ ലിജിന്‍ കൊലയാളികള്‍ക്ക് സഹായം ചെയ്തുകൊടുത്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
റിനീഷിനെയും പ്രശോഭിനെയും അറസ്റ്റ് ചെയ്തത് ശ്രീകണ്ഠപുരം സിഐ സിഎ അബ്ദുല്‍ റഹീമും ലിജിനെ അറസ്റ്റ് ചെയ്തത് പയ്യന്നൂര്‍ സിഐ വി രമേശനുമാണ്. ധനരാജ് വധക്കേസില്‍ കഴിഞ്ഞദിവസം പിടിയിലായ രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ആദ്യം പിടിയിലായ നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പയ്യന്നൂര്‍ സി.ഐ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.