പ്രാവിനെ മോഷ്‌ടിച്ചെന്ന് ആരോപിച്ച് അക്രമിസംഘം മര്‍ദ്ദിച്ച മലയാളിയുവാവ് മരിച്ചു; മരിച്ചത് പെരുമ്പാവൂര്‍ സ്വദേശി ജീവന്‍
ബുധന്‍, 24 ഓഗസ്റ്റ് 2016 (17:33 IST)
പ്രാവിനെ മോഷ്‌ടിച്ചെന്ന് ആരോപിച്ച് ബംഗളൂരുവില്‍ അക്രമിസംഘത്തിന്റെ മര്‍ദ്ദനത്തിന് ഇരയായ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ജീവന്‍ ടോണി (19) യാണ് മരിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ യുവാവ് കഴിഞ്ഞ 20 ദിവസമായി ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
മൈസൂരുവിലെ ശ്രീരംഗപട്ടണത്തു വെച്ചാണ് ജീവന്‍ ടോണിയെ ഒരു സംഘം യുവാക്കൾ മര്‍ദിച്ചത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു ജീവന്‍. ജീവന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു പ്രാവ് എത്തുകയും ഈ പ്രാവിന് ഇയാള്‍ ഭക്ഷണം നല്കുകയും ചെയ്തിരുന്നു. ഭക്ഷണം നല്‍കിയതിനു ശേഷം പ്രാവിനെ കൂട്ടില്‍ അടച്ചിരുന്നു.
പിന്നീട് പ്രാവിന്റെ ഉടമസ്ഥരെന്ന് അവകാശപ്പെട്ട് എത്തിയവര്‍ക്ക് പ്രാവിനെ കൈമാറുകയായിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞ് സംഘം ചേര്‍ന്ന് എത്തിയ യുവാക്കൾ പ്രാവിനെ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.
ജീവന്‍ ടോണിയുടെ കുടുംബം ശ്രീരംഗപട്ടണത്ത് താമസിച്ചു വരികയായിരുന്നു.