ബിജെപിയെ വെള്ളം കുടിപ്പിച്ച് വെള്ളാപ്പള്ളി; മുട്ടുമടക്കി അമിത് ഷാ - ഉടന്‍ തീരുമാനമെന്ന് തുഷാര്‍

ചൊവ്വ, 21 മാര്‍ച്ച് 2017 (19:47 IST)
മലപ്പുറത്തെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്‌താവനകളെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്.

മലപ്പുറത്ത് ബിജെപിയെ ബിഡിജെഎസ് പിന്തുണയ്‌ക്കും. ബിഡിജെഎസ് ആവശ്യമുന്നയിച്ച ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കാമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പ് നല്‍കിയെന്നും തുഷാര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

അമിത് ഷായുമായി തുഷാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബിജെപി നടപടിയെ രൂക്ഷമായി വിമർശിച്ച് നേരത്തെ വെള്ളാപ്പള്ളി  രംഗത്തെത്തിയിരുന്നു.

ബിജെപി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ല. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നത്. സഖ്യകക്ഷികളോട് ആലോചിക്കാതെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്ന സാഹചര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

ബിജെപി സ്ഥാനാർഥി എങ്ങനെ എൻഡിഎയുടെ സ്ഥാനാർഥിയാകും. ബിഡിജെഎസിനെ വിഴുങ്ങാമെന്ന് കരുതേണ്ട. ബിഡിജെഎസ് അണികൾ ബിജെപിയിൽ ലയിക്കുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. കേരളത്തിൽ ബിജെപിയെക്കാൾ ശക്തി ഞങ്ങള്‍ക്കാണ്. ഭാവിയിൽ ഏത് മുന്നണിയുമായും പാർട്ടി സഹകരിക്കാൻ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തിരുന്നു.

വെബ്ദുനിയ വായിക്കുക