പൂട്ടുവീണ പത്ത് ബാറുകള്‍ക്ക് കൂടി അനുമതി

വെള്ളി, 30 ജനുവരി 2015 (07:53 IST)
സംസ്ഥാനത്തു പൂട്ടിക്കിടക്കുന്ന ബാറുകളില്‍ പത്തെണ്ണം കൂടി ഇന്നു തുറക്കും. ഒന്‍പത് ത്രീ സ്റ്റാര്‍ ബാറും ഒരു ഫോര്‍ സ്റ്റാറുമാണ് തുറക്കുന്നത്. ശോച്യാവസ്ഥയെ തുടര്‍ന്നു പൂട്ടിയ 418 ബാറുകളില്‍ ഉള്‍പ്പെടുന്നവയാണു പത്തു ബാറുകളും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കുന്നത്.  കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവ തുറക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. 
 
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ബാറുകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി എക്സൈസ് കമ്മിഷണര്‍  അനില്‍ സേവ്യര്‍ ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍മാര്‍ മുഖേന ഇന്നു രാവിലെ ബാറുടമകള്‍ക്കു കൈമാറും. ശോച്യാവസ്ഥയുടെ പേരുപറഞ്ഞ് ലൈസന്‍സ് റദ്ദാക്കിയ സര്‍ക്കാര്‍ വാദം ശരിയല്ലെന്നും തങ്ങള്‍ക്കു നേരത്തെ ബാര്‍ ലൈസന്‍സ് ഉണ്ടെന്നും വാദിച്ച് ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
 
കോടതി ഇവര്‍ക്ക് അനുകൂലമായ വിധിയാണ് നല്‍കിയത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. തുടര്‍ന്നു ബാറുകള്‍ തുറക്കാന്‍ സന്നദ്ധമാണെന്ന്  അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെ സര്‍ക്കാരിന്റെ മദ്യ നയം പ്രായോഗികമല്ലെന്ന് ബാറുടമകളുടെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക