ബാര്‍ കോഴയില്‍ കോടികള്‍ കിലുങ്ങുന്നു, മാണിക്കെതിരെ കൂടുതല്‍ തെളിവുകള്‍

ബുധന്‍, 21 ജനുവരി 2015 (08:04 IST)
കെ.എം മാണിക്കു ബാറുടമകള്‍ പണം നല്‍കിയതിനു തെളിവുമായി ശബ്ദരേഖ പുറത്ത്. മാണിക്കു കൊടുക്കാന്‍ തീരുമാനിച്ചിരുന്നതു 30 കോടി രൂപയാണെന്നു വെളിപ്പെടുത്തുന്ന ശബ്‌ദരേഖ ബാര്‍ ഉടമ ഡോ. ബിജു രമേശ്‌ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പുറത്തുവിട്ടു.
കൈക്കൂലി എണ്ണിത്തിട്ടപ്പെടുത്താന്‍ പാലായിലെ മാണിയുടെ വസതിയില്‍ നോട്ട്‌ എണ്ണല്‍ യന്ത്രമുണ്ടെന്നും ശബ്‌ദരേഖയില്‍ പറയുന്നു. തുടര്‍ന്ന്‌ ശബ്‌ദരേഖയുടെ പൂര്‍ണരൂപം പകര്‍ത്തിയ വിജിലന്‍സ്‌ എഡിജിപി: ജേക്കബ്‌ തോമസ്‌, കൂടുതല്‍ അന്വേഷണത്തിനായി എസ്പി: ആര്‍. സുകേശനു രാത്രി വൈകി നിര്‍ദേശം നല്‍കി. 
 
മാണിക്കു പണം നല്‍കിയതിനെക്കുറിച്ച് അനിമോന്‍ എന്ന ബാര്‍ ഉടമ വിശദീകരിക്കുന്നതാണു ശബ്ദരേഖയിലുള്ളത്. അഞ്ചു കോടി രൂപ മാണിക്കു വീട്ടിലെത്തി കൈമാറിയതായി അനിമോന്‍ പറയുന്നുണ്ട്. പുലര്‍ച്ചെ ഒരു മണിക്കാണു പെട്ടിയിലാക്കി പണം കൈമാറിയത്. കാര്യം ഏറ്റെന്നു മാണി പറഞ്ഞു. അപ്പോള്‍ ഉറപ്പു വേണമെന്നു മാണി ആവശ്യപ്പെട്ടു. പലിശയ്ക്കെടുത്ത പണമാണു കൈമാറിയതെന്നും അനിമോന്‍ മാണിയോട് പറയുന്നുണ്ട്. 30 കോടി രൂപ മാണിക്കു നല്‍കാന്‍, ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചൈന സുനില്‍ അഞ്ചുകോടി രൂപ നല്‍കാമെന്നു പറഞ്ഞതായി ശബ്‌ദരേഖയിലുണ്ട്‌.
 
അനിമോന്‍ നേരത്തേ മാണിക്കനുകൂലമായി നിലപാടെടുത്തിരുന്നു. ത്രീ സ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതിനു വേണ്ടിയാണു മാണി ആവശ്യപ്പെട്ടതനുസരിച്ചു 30 കോടി വാഗ്‌ദാനം ചെയ്‌തത്‌. 312 ബാറുകളും തുറക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന്‌ അഞ്ചുകോടി രൂപയുമായി അനിമോന്‍ മാണിയെക്കണ്ടു. രണ്ടു കോടി രൂപ നെടുമ്പാശേരിയില്‍ കാറില്‍വച്ച് കെ.എം. മാണിക്കു കൈമാറിയെന്നും ശബ്ദരേഖയില്‍ പറയുന്നു. എലഗന്റ്‌സ് ബിനോയി, ജോമോന്‍ എന്നിവര്‍ക്കും ഇക്കാര്യം അറിയാം.
 
കൊല്ലത്തെ സുനില്‍ സ്വാമി എന്ന വ്യവസായിയില്‍നിന്നാണു പണം കടം വാങ്ങിയതെന്ന് അനിമോന്‍ പറയുന്നു. തങ്ങള്‍ക്ക് ഇതിനുള്ള ഗുണം ലഭിക്കണമെന്നും പണം കൈമാറുമ്പോള്‍ അനിമോന്‍ പറയുന്നുണ്ട്. മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്നും അനിമോന്‍ പറയുന്നതു ശബ്ദരേഖയിലണ്ട്. നേരത്തെ പുറത്തു വന്നതില്‍നിന്നു വ്യത്യസ്തമായി വന്‍ തുകകളുടെ കൈമാറ്റം സംബന്ധിച്ച തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അനിമോന്‍ അടക്കമുള്ള ആളുകള്‍ കാലു മാറി വിജിലന്‍സിനു മൊഴി മാറ്റി നല്‍കിയെന്നതു കണ്ടാണ് ബിജു രമേശ് ഇപ്പോള്‍ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്.
 
കൊച്ചി, പാലാരിവട്ടത്തെ ഹോട്ടലില്‍ കഴിഞ്ഞ ഡിസംബര്‍ 31-നു രണ്ടരമണിക്കൂര്‍ നീണ്ട ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ സ്‌റ്റിയറിങ്‌ കമ്മിറ്റി യോഗത്തിന്റെ 22 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ശബ്‌ദരേഖയാണ്‌ ഇന്നലെ ചാനലിലൂടെ ബിജു രമേശ്‌ പുറത്തുവിട്ടത്‌. ആദ്യം പൂട്ടിയ 418 ബാറുകള്‍ തുറക്കണമെന്നായിരുന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്റെ ആവശ്യം. അതിനായാണ്‌ ഒരുകോടി രൂപ മൂന്നു ഗഡുക്കളായി കൊടുത്തത്‌.418 ബാറുകള്‍ അടഞ്ഞുകിടന്നപ്പോള്‍,മറ്റു 312 ബാറുകളില്‍ വരുമാനം കൂടി. ഇതോടെ ബിനോയ്‌, അനിമോന്‍, ജോമോന്‍ എന്നിവര്‍ രണ്ടുകോടി നല്‍കുകയും പൂട്ടിയ 418 ബാറുകള്‍ തുറക്കരുതെന്ന്‌ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഇടപെട്ട്‌ എല്ലാ ബാറും അടയ്‌ക്കുമെന്ന ഘട്ടമായപ്പോള്‍ അനിമോന്റെ നേതൃത്വത്തില്‍ അഞ്ചുകോടി രൂപ കൊടുക്കുകയും ബാക്കി 25 കോടി പിന്നീടു കൊടുക്കാമെന്ന്‌ അറിയിക്കുകയും ചെയ്തായും ശബ്ദരേഖയില്‍ പറയുന്നു.
 
അതേസമയം ശബ്ദരേഖകള്‍ ഇന്നു വിജിലന്‍സിനു കൈമാറുമെന്ന് ബിജു രമേശ് വ്യക്‌തമാക്കി. മാണിക്കെതിരേ ശബ്‌ദരേഖയടക്കമുള്ള തെളിവുകള്‍ കൈമാറാന്‍ ബിജു ഇന്നു വിജിലന്‍സ്‌ എസ്‌പിയോടു കൂടിക്കാഴ്‌ചയ്‌ക്കു സമയം തേടിയിട്ടുണ്ട്‌. മാണിക്കെതിരേ കഴിഞ്ഞ ഞായറാഴ്‌ച ആരോപണമുന്നയിച്ച ബിജു, അതിന്റെ തെളിവുകള്‍ പിറ്റേന്നു വിജിലന്‍സിനും മാധ്യമങ്ങള്‍ക്കും കൈമാറുമെന്നു വ്യക്‌തമാക്കിയിരുന്നു. എന്നാല്‍, ഒരുദിവസം പിന്നിട്ട്‌ ഇന്നലെയും അദ്ദേഹം തെളിവു കൈമാറാതിരുന്നതിന്റെ കാരണം വ്യക്‌തമല്ല. കേസ്‌ അനേ്വഷിക്കുന്ന പ്രത്യേകാന്വേഷണസംഘം എസ്‌പി: ആര്‍. സുകേശനെ ഇന്നലെ വൈകിട്ടു ഫോണില്‍ ബന്ധപ്പെട്ടാണ്‌ ഇന്നുച്ചയ്‌ക്കു തെളിവുകള്‍ കൈമാറാമെന്നറിയിച്ചത്‌.
 
അതേസമയം വേണ്ടിവന്നാല്‍ മാണിയെ വീണ്ടും ചോദ്യംചെയ്യാന്‍ എഡിജിപി: ജേക്കബ്‌ തോമസ് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടെന്നും വ്യക്‌തമാക്കി. തെളിവുകള്‍ പുറത്തു വന്നതോടെ മാണിക്കെതിരെ കുരുക്കള്‍ കൂടുതല്‍ മുറുകിയിരിക്കുകയാണ്. അതേസമയം, മൊഴി നല്‍കാന്‍ ഇന്നലെ എത്താമെന്നു വിജിലന്‍സിനെ അറിയിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ രാജ്‌കുമാര്‍ ഉണ്ണിയും വൈസ്‌ പ്രസിഡന്റ്‌ കൃഷ്‌ണദാസും എത്തിയില്ല. അന്വേഷണ ഉദ്യോഗസ്‌ഥരുമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടുകപോലും ചെയ്‌തിട്ടില്ലെന്നാണു വിവരം. ഇന്നുകൂടി എത്തിയില്ലെങ്കില്‍ ഇവരെ വിളിപ്പിക്കുന്നതിനെക്കുറിച്ച്‌ അന്വേഷണ സംഘം ആലോചിക്കുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക