വിധി പ്രയാസം ഉണ്ടാക്കി; തിരക്കിട്ട് ലൈസൻസ് നൽകില്ലെന്ന് ബാബു

ചൊവ്വ, 2 ഡിസം‌ബര്‍ 2014 (17:17 IST)
സര്‍ക്കാരിന്റെ പുതിയ മദ്യനയ പ്രകാരം പൂട്ടിയ 22 ബാറുകള്‍ക്ക് കൂടി ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കിയ സാഹചര്യത്തില്‍ ഹൈക്കോടതി വിധി തിരക്കിട്ട് നടപ്പാക്കില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു വ്യക്തമാക്കി. ബാർ ലൈസൻസ് സംബന്ധിച്ച കോടതി വിധികൾ സർക്കാരിന് പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറില്‍ ഹൈക്കോടതി നടത്തിയ വിധിയുടെ തുടർച്ചയാണ് ഇപ്പോഴത്തെ ഉത്തരവ്. ആ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്. ഇത്തവണത്തെ വിധിയും അപ്പീലിൽ ഉൾപ്പെടുത്തും. വിഷയത്തില്‍ രണ്ടു മാസത്തെ സമയം കോടതി സര്‍ക്കാരിന് അനുവദിച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ അപ്പീലിൽ തീരുമാനം ഉണ്ടാകുമെന്നുമാണ് കരുതുന്നതെന്നും ബാബു പറഞ്ഞു.

22 ബാറുകള്‍ക്ക് കൂടി ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കണമെന്ന വിധി ഉടൻ നടപ്പാക്കേണ്ട എന്ന തീരുമാനം കോടതിയോടുള്ള നിഷേധമല്ല. നിയമപരമായ രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകും. സർക്കാരിന് ബോദ്ധ്യപ്പെട്ട കാര്യമാണ് മദ്യ നയമായി രൂപ വത്കരിച്ചത്. അത് കോടതി അംഗീകരിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇന്നത്തെ വിധിയിലൂടെ വന്നതെന്നും ബാബു പറഞ്ഞു. ഡിവിഷൻ ബെ‌ഞ്ചിലോ സുപ്രീംകോടതിയിലോ അപ്പീൽ നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക