സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടത്തിയ ആളാണ് ബിജു രമേശ്; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത് അംഗീകരിക്കാന്‍ സാധിക്കില്ല - കേരളാ കോൺഗ്രസ് (എം)
തിങ്കള്‍, 27 ജൂണ്‍ 2016 (16:50 IST)
യുഡിഎഫ് സര്‍ക്കാരിന് തിരിച്ചടിയായ ബാര്‍ കോഴക്കേസ് ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ പിന്തുണച്ച് കേരളാ കോൺഗ്രസ് (എം) നേതാവും ജനറൽ സെക്രട്ടറിയുമായ ജോസഫ് എം പുതുശേരി രംഗത്ത്.
ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് പ്രതിഷേധാർഹമാണ്. ചടങ്ങില്‍ നേതാക്കൾ പങ്കെടുത്തതിന് യാതൊരു ന്യായീകരണങ്ങളുമില്ല. മുന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടത്തിയ ആളാണ് ബിജു രമേശ്. പരസ്യപ്രസ്താവന പാടില്ലെന്ന തരത്തിലാണ് ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നതെങ്കിലും നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ജോസഫ് എം പുതുശേരി വ്യക്തമാക്കി.
വിവാഹ നിശ്ചയം സ്വകാര്യ ചടങ്ങാണെന്നു പറഞ്ഞ് അതിനെ ലഘൂകരിക്കാനോ മഹത്വവത്കരിക്കാനോ ശ്രമിക്കാം. എന്നാൽ യാഥാർഥ്യം അതല്ല. ഇത്തരം കാര്യങ്ങളിൽ അകലം പാലിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ബാധ്യസ്ഥരാണ്. ഇത്തരം കാര്യങ്ങളിൽ ഔചിത്യം പാലിക്കേണ്ടതാണെന്നും ജോസഫ് എം പുതുശേരി പറഞ്ഞു.