സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന്; ബാർ കോഴക്കേസ് അന്വേഷിച്ച എസ്‌പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

വെള്ളി, 5 ഫെബ്രുവരി 2016 (16:26 IST)
ബാർ കോഴക്കേസിൽ മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്താൻ ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് വിജിലൻസ് എസ്‌പി ആർ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഡി നൽകിയ ശുപാർശയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ബാര്‍ കോഴക്കേസ് അന്വേഷിച്ച സുകേശനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

ബിജു രമേശുമായി ചേർന്ന് സുകേശൻ സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും കോഴ ഇടപാടില്‍ മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബിജുവിനെ സുകേശന്‍ നിര്‍ബന്ധിച്ചുവെന്നും കാട്ടി രണ്ടു ദിവസം മുമ്പാണ് വിജിലൻസ് ഡയറക്ടർ ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുകേശനെതിരെ അന്വേഷണ നടപടി ഉണ്ടായത്.

ബിജുരമേശ് കോടതിക്ക് സമർപിച്ച ശബ്ദരേഖയടങ്ങിയ സിഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 2014 ഡിസംബർ 31ന് എറണാകുളത്ത് ചേർന്ന അസോസിയേഷൻ കോർകമ്മിറ്റി യോഗത്തിൽ ബിജുരമേശ് മറ്റ് അംഗങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് സിഡിയിലുള്ളത്.

നാല് മന്ത്രിമാരുടെ പേരു പറയാൻ സുകേശൻ പ്രേരിപ്പിച്ചതായും കുറ്റപത്രം നൽകാമെന്ന് ഉറപ്പു നൽകിയതായും ബിജു രമേശ് പറയുന്നുണ്ട്. എസ്.ഐ ആയിരുന്നപ്പോഴേ സുകേശനെ തനിക്ക് അറിയാമെന്നും സൗഹൃദപരമായാണ് മൊഴിയെടുത്തതെന്നും ബിജു പറയുന്നു. മൊഴി വായിച്ചുകേൾക്കണോയെന്ന് ചോദിച്ചപ്പോൾ വേണ്ടെന്നു ബിജു പറഞ്ഞു. മൊഴിയുടെ അടിയിൽ ഇപ്പോൾ ഒപ്പിടേണ്ടെന്ന് എസ്പി പറഞ്ഞു.

മൊഴികൊടുത്ത ഭാരവാഹികളെയെല്ലാം സാക്ഷികളായാണ് ചേർത്തിട്ടുള്ളത്. ആരെങ്കിലും മൊഴിമാറ്റിയാൽ അവരെയെല്ലാം പ്രതികളാക്കുമെന്നും സുകേശന പറഞ്ഞു. മൊഴി മാറ്റിയ യമഹ സുരേന്ദ്രനെ പ്രതിയാക്കുമെന്നും എസ് പി പറയുന്നതായി സിഡിയിലുണ്ട്. അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി പ്രതിയായ കൊല്ലത്തെ കേസിൽ അയാളെ അകത്തിടാമെന്ന് സുകേശൻ പറഞ്ഞതായും സിഡിയിലുണ്ട്.

വെബ്ദുനിയ വായിക്കുക