വായ്‌പകള്‍ കൂടുതല്‍ പ്രാപ്യമാക്കണം: മുഖ്യമന്ത്രി

വെള്ളി, 23 മെയ് 2014 (15:33 IST)
അനാവശ്യ തടസവാദങ്ങളുന്നയിക്കാതെ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ കൂടുതല്‍ വായ്‌പകള്‍ ലഭ്യമാക്കാനുളള നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
 
ബാങ്കുകളില്‍നിന്നും കൂടുതല്‍ വായ്‌പ ലഭ്യമാക്കുന്നതിലൂടെ ബ്ലേഡ്‌മാഫിയയുടെ പിടിയില്‍ നിന്ന്‌ സാധാരണക്കാരെ ഒരു പരിധി വരെ മോചിപ്പിക്കാനാകും. വിദ്യാഭ്യാസ വായ്‌പ എടുത്ത വിദ്യാര്‍ഥിയോ കുടുംബത്തിലെ വരുമാനമുളള അംഗമോ മരണപ്പെട്ടാല്‍ അത്തരം കേസുകള്‍ ബാങ്കുകള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന്‌ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അല്ലെങ്കില്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
കൂടുതല്‍ വായ്‌പ ലഭ്യമാക്കാനായുളള നടപടിക്രമങ്ങള്‍ക്ക്‌ രൂപം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിനിധി ഉള്‍പ്പെടുന്ന ഒരു സബ്‌ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. സബ്‌കമ്മിറ്റി മെയ്‌ 28 ന്‌ യോഗം ചേരുകയും വായ്‌പകളുടെ തിരിച്ചടയ്‌ക്കല്‍ ക്രമം, ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പ്‌ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയും ചെയ്യുമെന്ന്‌ യോഗത്തില്‍ പങ്കെടുത്ത ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. 
 
ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ഡ്യൂട്ടി (ഫിനാന്‍സ്‌ റിസോഴ്‌സസ്‌) എം ഗിരീഷ്‌കുമാറായിരിക്കും സര്‍ക്കാര്‍ പ്രതിനിധിയെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസവായ്‌പ ലഭ്യമാക്കാനുളള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും പുതുതലമുറ ബാങ്കുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സാമൂഹികപ്രതിബദ്ധത കാണിക്കണമെന്നും ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക