ബാങ്കിനെ വെട്ടിച്ചു കോടികൾ തട്ടിയ മുൻ മാനേജർ അടക്കം നാല് പേർക്ക് തടവും പിഴയും

എ കെ ജെ അയ്യർ

ഞായര്‍, 16 ജൂണ്‍ 2024 (15:18 IST)
കോട്ടയം: ബാങ്കിൽ പണയം വച്ചവരുടെ പണയ വസ്തുക്കള്‍ എടുത്തു ഇടുവച്ച് കോടികള്‍ വായ്പയെടുത്ത് ബാങ്കിനെ വഞ്ചിച്ച കേസില്‍ ബാങ്ക് മുൻ ചീഫ് ബ്രാഞ്ച്മാനേജർ അടക്കം നാല് പേർക്ക് കോടതി ജയിൽ ശിക്ഷയും പിഴ ശിക്ഷയും വിധിച്ചു. കാനറ ബാങ്ക് കോട്ടയം മുന്‍ ചീഫ് ബ്രാഞ്ച് മാനേജര്‍ ഇ.ജി. എന്‍ റാവു ഉൾപ്പെട്ട കേസിൽ മാലം സുരേഷ് , ബോബി ജേക്കബ്, ടിനു ബോബി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
 
തട്ടിപ്പിനു കൂട്ടുനിന്നതിനാണ്  മുൻ ചീഫ് ബ്രാഞ്ച്.മാനേജർ ഇ.ജി. എന്‍ റാവുവിനെ ശിക്ഷിച്ചത്. സി.ബി.ഐ കോടതിയാണ് പ്രതികൾക്ക് 5.87 കോടി രൂപ പിഴയും മൂന്ന് വര്‍ഷം തടവും ശിക്ഷ വിധിച്ചത്. 2006 2007 കാലത്താണ് മലഞ്ചരക്ക് വ്യാപാരം തുടങ്ങാനെന്ന പേരില്‍ ബോബി ജേക്കബ്, ടിനു ബോബി എന്നിവര്‍ കാനറാ ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. എന്നാൽ മാലം സുരേഷ് മറ്റുള്ളവരില്‍ നിന്ന് പണയമായി കൈക്കലാക്കിയ വസ്തു പണയപ്പെടുത്തിയാണ് ഇവര്‍ വായ്പയെടുത്തത്. തട്ടിപ്പിന് കോട്ടയം മുന്‍ ചീഫ് മാനേജരായിരുന്ന റാവു കൂട്ടുനിന്നു.
 
മാലം സുരേഷ് പണത്തിനായി തന്നെ സമീപിക്കുന്നവരുടെ വസ്തു പണയമെന്ന പേരില്‍ സ്വന്തം പേരിലാക്കുകയും അത് മറ്റുള്ളവര്‍ക്ക് ബാങ്കില്‍ ഈടുവയ്‌ക്കാന്‍ നല്‍കുകയുമായിരുന്നു. പണം തിരിച്ചു തരുമ്പോള്‍ തിരിച്ച് എഴുതി നല്‍കാമെന്ന ഉറപ്പിലാണ് വസ്തു വാങ്ങുന്നത്. ഇത്തരത്തിൽ പലരുടെയും ലക്ഷങ്ങള്‍ വില വരുന്ന ഭൂമി ഇത്തരത്തില്‍ ഈടു വച്ചിട്ടുണ്ട്. എന്നാൽ വർഷങ്ങളായിട്ടും പണയവസ്തു തിരിച്ചു കിട്ടാതെ വന്നതോടെ യഥാർത്ഥ ഉടമകൾ പോലീസിൽ പരാതി നൽകി. ഈ പരാതികളിലുള്ള അന്വേഷണത്തിനൊടുവിലാണ് തിരിമറി പുറത്തു വന്നതും പ്രതികൾ അറസ്റ്റിലായതും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍