ബാഹുബലി കേരളത്തിൽ വൈഡ് റിലീസ് ചെയ്യാന്‍ തീരുമാനമായി
ബുധന്‍, 8 ജൂലൈ 2015 (16:36 IST)
ബാഹുബലി കേരളത്തിൽ വൈഡ് റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നു നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. കരാർ ഒപ്പിട്ട ശേഷം ചിത്രം പ്രദർശിപ്പിക്കാത്ത തിയറ്ററുകൾക്കെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകാനും യോഗം തീരുമാനിച്ചു.
എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഭീഷണിയ്ക്കു വഴങ്ങി പടം കളിക്കാതിരുന്നാൽ അത്തരം തിയറ്ററുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും യോഗത്തിൽ ധാരണയായി. ഭാവിയില്‍ ഈ തിയറ്ററുകൾക്ക് മറ്റ് ചിത്രങ്ങള്‍ നല്‍കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതിന്റെ പേരില്‍ തിയറ്ററടിച്ചിട്ടുള്ള സമരം ബാഹുബലിയുടെ വൈഡ് റിലീസ് തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ് കുമാർ പറഞ്ഞു. പ്രേമം വൈഡ് റിലീസ് ചെയ്തിരുന്നെങ്കിൽ ഇപ്പോളുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നവെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാനത്ത് 120 തീയറ്ററുകളിലാണ് ബാഹുബലി റിലീസ് ചെയ്യുക. കരാർ ഒപ്പു വച്ച തിയറ്ററുകളിൽ ഫെഡറേഷന്റെയും അസോസിയേഷന്റെയും തിയറ്ററുകളുണ്ട്. ഫെഡറേഷന്റെ നേതൃത്വത്തില്‍ അസോസിയേഷന്റെ കീഴിലുള്ള തീയറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്താറുണ്ടെന്ന് ഭാരവാഹികള്‍ ആരോപിക്കുന്നു. ലിബർട്ടി ബഷീർ നേതൃത്വം നൽകുന്ന എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷൻ റിലീസ് ചിത്രങ്ങൾ തങ്ങളുടെ തിയറ്ററുകളിൽ മാത്രം മതിയെന്ന നിലപാടാണു തുടക്കം മുതൽ സ്വീകരിക്കുന്നത്.
ബി,സി സെന്ററുകളിലെ തിയറ്ററുകളിൽ അടിസ്ഥാന സൗകര്യമില്ലെന്ന കാരണം പറഞ്ഞാണിത്. എന്നാൽ ഗണേഷ് കുമാർ വകുപ്പു മന്ത്രിയായിരുന്ന കാലത്ത് ബി,സി കേന്ദ്രങ്ങളിലെ തിയറ്ററുകൾ നവീകരിച്ചാൽ റിലീസ് നൽകാമെന്നു പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ലക്ഷങ്ങൾ മുടക്കി തിയറ്റുകൾ നവീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും വൈഡ് റിലീസിംഗിന് ഫെഡറേഷന്‍ വിലങ്ങുതടിയാവുകയാണ് ചെയ്യുന്നത്.