അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകള്‍ തുറക്കുന്നു; ജാഗ്രതാ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 14 മെയ് 2024 (18:59 IST)
അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകള്‍ ഇന്ന് വൈകീട്ട് 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുമെന്നും സമീപവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടുദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. മഴയ്‌ക്കൊപ്പം കാറ്റുമുണ്ട്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. അതേസമയം സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
 
കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,  കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍