മുഖ്യമന്ത്രിയുടെ റോഡ് ഷോ തകര്‍ന്ന റോഡിലൂടെ; ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ യുഡിഎഫുകാര്‍ മര്‍ദ്ദിച്ചു

വ്യാഴം, 25 ജൂണ്‍ 2015 (09:53 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊട്ടിപ്പൊളിഞ്ഞ് വെള്ളം നിറഞ്ഞ് കിടക്കുന്ന റോഡിലൂടെ റോഡ് ഷോ നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഡെക്കാന്‍ ക്രോണിക്കിള്‍ ഫോട്ടോ എഡിറ്റര്‍ പീതാംബരന്‍ പയ്യേരിക്കാണ് മര്‍ദ്ദനമേറ്റത്.

ഇരുമ്പയില്‍ നിന്നാരംഭിച്ച മുഖ്യമന്ത്രിയുടെ റോഡ് ഷോ കളത്തുകാലില്‍ എന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. ഇവിടേക്കുള്ള റോഡ് മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു. റോഡ് തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന് മുഖ്യമന്ത്രി ഇതിലൂടെ കടന്നു പോകുന്ന ചിത്രമെടുക്കാന്‍ കാത്തു നില്‍ക്കുകയായിരുന്നു പീതാംബരന്‍.

മുഖ്യമന്ത്രിയുടെ വാഹനം റോഡിന്റെ ഒരു വശത്തുകൂടിയായിരുന്നു കടന്ന് പോയത്. മറുവശത്ത് വെള്ളം കെട്ടിക്കിടക്കുന്ന വന്‍കുഴിയുമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്‍പില്‍ കുറേ ബൈക്കുകളിലായി യുഡിഎഫുകാര്‍ പോകുന്നുണ്ടായിരുന്നു. റോഡിലെ കുഴിക്ക് സമീപം ഫോട്ടോഗ്രാഫര്‍മാര്‍ പീതാംബരന്‍ നില്‍ക്കുന്നത് കണ്ട പ്രവര്‍ത്തകര്‍ അവിടെ ഇറങ്ങുകയും അദ്ദേഹത്തെ ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ആദ്യം സ്ഥലത്ത് നിന്ന് പോകണമെന്നും ചിത്രം പകര്‍ത്തരുതെന്നും ആവശ്യപ്പെട്ടു. ചിത്രമെടുക്കുമെന്ന് പീതാംബരന്‍ വ്യക്തമാക്കിയതോടെ കയ്യാങ്കളിയാകുകയായിരുന്നു.

സംഭവത്തില്‍ ക്യാമറയ്ക്കും കേടുപാടുകള്‍ പറ്റി. സംഭവം അറിഞ്ഞതോടെ മാദ്ധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ശക്തമായ പ്രതിഷേധം അറിയിച്ചു.

വെബ്ദുനിയ വായിക്കുക