അരുവിക്കരയുടെ പുതിയ എംഎല്‍എയായി കെഎസ് ശബരിനാഥന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു. രാവിലെ ഒമ്പതരയ്‌ക്ക് നിയമസഭാ ഹാളില്‍ സത്യപ്രതിജ്ഞ ചെയ്ത് സഭയിലെ അംഗമായി തീര്‍ന്നത്. ദൈവനാമത്തിലാണ് ശബരിനാഥന്‍ സത്യപ്രതിജ്ഞ ചെയ്‌തത്. അതിനുശേഷം സ്‌പീക്കറുടെ ചേമ്പറിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങുകയായിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ അഭിനന്ദനത്തോടെ പിന്നീട് സീറ്റിലേക്ക് മടങ്ങുകയായിരുന്നു.
രാവിലെ എട്ടരയോടെ നിയമസഭയില്‍ എത്തിയ ശബരിനാഥനും കുടുംബവും സ്‌പീക്കറുടെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു. സഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളത്തിന് ശേഷം ചോദ്യോത്തരവേള നടക്കുകയാണ്. അരുവിക്കര തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ്‌കുമാറിന്റെ വീടിന് നേരെ നടന്ന കല്ലേറും ബാര്‍ കോഴക്കേസില്‍ ധനനന്ത്രി കെഎം മാണി രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ 10, 128 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ശബരിനാഥന്‍ വിജയിച്ചത്. അരുവിക്കര എം എല്‍ എയും സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ്.