80 കോടിയോളം രൂപയുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ 28കാരന്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (14:12 IST)
ഇല്ലാത്ത ചരക്കുകള്‍  കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും മറ്റു രേഖകളും സൃഷ്ടിച്ച് 80 കോടിയോളം രൂപയുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ജി.എസ്.ടി  വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കോലൊളമ്പ ദേശത്ത് മഞ്ഞക്കാട് വീട്ടില്‍  മോഹനകൃഷ്ണന്‍ മകന്‍ രാഹുലിനെയാണ് (28 വയസ്സ്) തൃശൂര്‍  ജി.എസ്.ടി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ഓഫീസര്‍ സി. ജ്യോതിലക്ഷ്മിയും സംഘവും ഇന്ന് അറസ്റ്റ് ചെയ്തത്.  കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് പ്രതിയും സംഘവും ഭീമമായ നികുതി വെട്ടിപ്പ് നടത്തിയത്.  
 
നേരത്തെ ഇതേ കേസില്‍ മലപ്പുറം ജില്ലയിലെ  അയിലക്കാട് സ്വദേശിയായ കൊളങ്ങരയില്‍ വീട്ടില്‍ ബാവ മകന്‍ ബനീഷിനെ കഴിഞ്ഞ ഡിസംബറില്‍  ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസത്തോളം  റിമാന്‍ഡില്‍ കഴിഞ്ഞ ഈ പ്രതി ഹൈക്കോടതിയില്‍  നിന്നാണ് കര്‍ശന ഉപാധികളോടെ ജാമ്യം നേടിയത്. ബനീഷിനെ നികുതി വെട്ടിപ്പിന് സഹായിച്ച് ഈ-വേ ബില്ലുകളും വ്യാജ രേഖകളും എടുത്ത് കൊടുക്കുവാനും വ്യാജ രജിസ്ട്രേഷനുകള്‍ എടുത്ത് കൊടുത്ത് നികുതി വെട്ടിപ്പിന്റെ  ശൃംഖല സൃഷ്ടിക്കാനും സഹായിച്ച് തട്ടിപ്പില്‍  പങ്കാളിയായ വ്യക്തിയാണ്  രാഹുല്‍.  കഴിഞ്ഞ ഡിസംബറിനുശേഷം  രാഹുല്‍  ഒളിവിലായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍