മീ ടൂ വെളിപ്പെടുത്തൽ; അർച്ചന പദ്മിനിക്ക് പിന്നാലെ അനു ചന്ദ്രയും!

ഞായര്‍, 14 ഒക്‌ടോബര്‍ 2018 (12:40 IST)
മലയാളത്തിലും മീ ടൂ തരംഗമാവുമയാണ്. ആണധികാരത്തിനും അക്രമണത്തിന്റേയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഡബ്ല്യുസിസി നടത്തിയ പത്ര സമ്മേളനത്തിൽ നടി അർച്ചന പദ്മിനിയും മീ ടൂ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇപ്പോൾ മലയാളത്തിലെ വനിത അസോസിയേറ്റ് ഡയറക്ടര്‍അനു ചന്ദ്രയും അത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. 
 
ഒരു ചിത്രത്തില്‍ സംവിധായക സഹായിയായി പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവമാണ് അനു തുറന്ന് പറഞ്ഞത്.  ഫേസ്ബുക്കിലൂടെയാണ് യുവതിയുടെ തുറന്നു പറച്ചില്‍.
 
അനു ചന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഞാനാദ്യമായി സിനിമയിൽ അസിസ്റ്റന്റ് ആയി എത്തുന്നത് 20 വയസ്സിൽ ആണ്.സ്വജനപക്ഷപാതവും, പുരുഷാധിപത്യവും അല്പം കൂടിയ ഒരു മേഖലയിലെ, ടെക്നീഷൻ വിഭാഗത്തിലെ(ആ സിനിമയുടെ) ഏക പെൺകുട്ടി അന്നു ഞാനായിരുന്നു. തുടർന്നും ചില വർക്കുകൾ ഞാൻ ചെയ്തു. എൻറെ ഓർമ്മയിൽ അണിയറയിൽ സ്ത്രീ സാന്നിധ്യം നന്നെ കുറവായിരുന്നു അവിടങ്ങളിലെല്ലാം. അത്തരമൊരു ഇടത്തിലേക്ക് എത്തപ്പെടുന്ന സ്വതന്ത്രരായ പെണ്കുട്ടികള്/സ്ത്രീകൾ അളക്കപ്പെടുന്നതും, നിർവചിക്കപ്പെടുന്നതും, അവരിലേക്ക് സമീപിക്കപ്പെടുന്നതും പോക്ക്കേസ് എന്ന ധാരണയുടെ പുറത്താണ് എന്ന് അനുഭവങ്ങളിൽനിന്ന് അറിഞ്ഞ ആളാണ് ഞാൻ.
 
പലപ്പോഴും ഏറ്റവും താഴ്ന്ന സെക്ഷനായ യൂണിറ്റിലെ ചില തൊഴിലാളികൾ പോലും ശരീരം പറ്റാനായി ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്നത് കണ്ടിട്ടുമുണ്ട്, അറിഞ്ഞിട്ടുമുണ്ട്. പിന്നീട് ഒരു വർക്കിന് ചെന്ന സമയത്ത് ചിത്രത്തിലെ അസോസിയേറ്റ് പറയുന്നു ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ എന്ന്. 
 
ഒരു ടെക്നീഷ്യനിൽ നിന്ന് എത്ര പെട്ടെന്നാണ് ഞാൻ ഒരു ജനനേന്ദ്രിയമായത് എന്ന തിരിച്ചറിവിലെ പകപ്പിൽ പോലും പതർച്ച കാണിക്കാതെ തന്നെ ഞാൻ അയാളെ രൂക്ഷമായി നോക്കി. അയാൾ ഒന്നും പറയാതെ തലകുനിച്ചു. അമർഷത്തോടെ മുറിയുടെ വാതിൽ വലിച്ചടച്ചു ഞാനിറങ്ങി പോയതിനുശേഷം രണ്ടുവർഷത്തോളം അയാളുടെ ആ ചോദ്യത്തിന്റെ അവസ്ഥത എന്നിൽ തികട്ടി വരികയും മറ്റൊരു വർക്കിലേക്ക് പോകുവാൻ ധൈര്യപ്പെടാത്തവൾ ആയിത്തീരുകയും ചെയ്തു. 
 
അങ്ങനെ രണ്ടു വർഷത്തോളം വന്ന വർക്കുകൾ എല്ലാം തട്ടിമാറ്റി ഒരു ഭയപ്പാടോടെ ഞാൻ ഒളിച്ചിരുന്നു. സാമൂഹികയാഥാർഥ്യത്തിന്റെ സകല കാർക്കശ്യത്തോടെയും നിലനിൽക്കുന്ന ഒരു മേഖലയായിട്ടെ അതിനെ അപ്പോഴൊക്കെയും ഞാൻ കണ്ടുള്ളൂ. എനിക്കതെ സാധിക്കുമായിരുന്നുള്ളൂ.ആ 2 വർഷത്തിൽ എന്നിൽ ഉരുതിരിഞ്ഞ ഒരു ആർജവത്തിന്റെ പുറത്ത് ഞാൻ വീണ്ടും അസിസ്റ്റൻറ് ആകാൻ തീരുമാനിച്ചു, അസിസ്റ്റൻറ് ആവുകയും ചെയ്തു. 
 
ഒരുത്തനെയും പേടിക്കാതെ ഞാനെന്റെ തൊഴിൽ ആസ്വദിച്ചു തന്നെ ചെയ്തു. അപ്പോഴുള്ള എന്ടെ ഉള്ളിലെ ആർജ്ജവം എന്തായിരുന്നുവെന്ന് അറിയാമോ.. ഏതെങ്കിലും ഒരുത്തൻ ശരീരത്തിൽ നോട്ടത്തിന്റെ ആണ്കൂത്തുമായി വന്നാൽ പോടാ മൈരേ എന്നു വിളിക്കാനുള്ള തന്റേടം. അത് കേട്ടാൽ തല കുനിയ്ക്കാവുന്ന അത്രയോക്കെയെ ഉള്ളൂ ഇവന്മാരുടെ കാമവെറി.( ഇനീപ്പം അതിൻറെ പേരിൽ സിനിമ പോവുകയാണെങ്കിൽ അങ്ങ് പോട്ടെന്ന് വയ്ക്കും)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍