അമൃതാനന്ദമയി മഠത്തില്‍ വീണ്ടും ക്രൂരപീഡനം; മര്‍ദ്ദനമേറ്റ അമേരിക്കന്‍ പൗരന്‍ ഗുരുതരാവസ്ഥയില്‍

തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (13:50 IST)
മാതാഅമൃതാനന്ദമയി മഠത്തില്‍ വീണ്ടും യുവാവിന് ക്രൂരമര്‍ദ്ദനം. മഠത്തിലെ അന്തേവാസിയും അമേരിക്കന്‍ പൗരനുമായ മരിയോ സപ്പോട്ടോ എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. അതേസമയം ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 
 
കഴിഞ്ഞദിവസം അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ആഘോഷപരിപാടിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് മഠത്തില്‍ നിന്നുളള ആംബുലന്‍സില്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ യുവാവിനെ അഡ്മിറ്റ് ചെയ്തതിന് പിന്നാലെ മഠത്തിലെ അധികൃതരും വാഹനവും മടങ്ങുകയും ചെയ്തുവെന്നാണ് വിവരം.
 
ഐസിയുവില്‍ കഴിയുന്ന യുവാവിന്റെ ദേഹമാസകലം ശക്തമായ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് അധികൃതര്‍ പറഞ്ഞു‍. അതേസമയം, മാനസിക പ്രശ്‌നങ്ങളോടെയാണ് കരുനാഗപ്പളളി ആശുപത്രിയിലേക്ക് യുവാവിനെ കൊണ്ടുവന്നെന്നും അവിടെ വെച്ച് ഇയാള്‍ അക്രമാസക്തനായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെന്നും കരുനാഗപ്പളളി പൊലീസ് അറിയിച്ചു. 
 
രണ്ടുകൈകളും കയറ് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ പാടുകളും യുവാവിന്റെ ശരീരത്തിലുണ്ട്. എന്നാല്‍ യുവാവിന്റെ ശരീരത്തിലെ പരുക്കുകള്‍ എങ്ങനെയാണ് പറ്റിയതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും പൊലീസ് പറഞ്ഞു. ഇതിനുമുമ്പും സമാനമായ മര്‍ദ്ദനങ്ങളും മരണവും അമൃതാനന്ദമയി മഠത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2012 ആഗസ്റ്റ് ഒന്നിനാണ് ബീഹാര്‍ സ്വദേശി സത്‌നാംസിങ്ങ് അവിടെ വച്ച് മരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍