നിരന്തരം മൊഴി മാറ്റി അമീറുൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നു; കൊലപാതക ദിവസം ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താനായില്ല

വെള്ളി, 1 ജൂലൈ 2016 (08:00 IST)
നിരന്തരം മൊഴി മാറ്റി അമീറുൽ ഇസ്‍ലാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണ സംഘം. കൊലപാതക ദിവസം ധരിച്ചിരുന്ന വസ്ത്രവും ആയുധവും ഉപേക്ഷിച്ച സ്ഥലത്തെ കുറിച്ച് പ്രതി തുടര്‍ച്ചയായി മൊഴി മാറ്റിപറഞ്ഞു. ഡിഎന്‍എ അടക്കമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കോടതിയിൽ സമർപ്പിച്ച റിമാന്‍ഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നു.
 
അമീറുൽ ഇസ്‍ലാം കുറ്റം സമ്മതിച്ചു. പക്ഷെ, സമയകുറവ് മൂലം വിശദമായി ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. മാത്രമല്ല കൃത്യം നടന്ന ദിവസം ധരിച്ചിരുന്ന വസ്ത്രം കാഞ്ചിപുരത്ത് ഉപേക്ഷിച്ചുവെന്നാണ് ആദ്യം പറഞ്ഞത്. അതിനുശേഷം വൈദ്യശാലപടിയിലെ മുറിയിലുണ്ടെന്ന് പിന്നീട് തിരുത്തി. അസമിലേക്കുള്ള യാത്രയിൽ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞുവെന്നുമാണ് അമീറുല്‍ അവസാനം മൊഴി നൽകിയത്. 
 
സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സുരക്ഷ കാരണങ്ങളാൽ പ്രതിയെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമീറുലിനെ ഇനി കസ്റ്റഡിയിൽ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ ആടിനെ ലൈംഗീക അതിക്രമത്തിന് വിധേയമാക്കിയെന്ന കേസിൽ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലീസ് ഉടൻതന്നെ കോടതിയെ സമീപിക്കുമെന്നാണ് സൂചന.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക