ഇനി തോന്നിയതുപോലെ പണം വാങ്ങാന്‍ പറ്റില്ല; സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 ഫെബ്രുവരി 2025 (10:44 IST)
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ആംബുലന്‍സുകളുടെ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ 600 രൂപ മുതല്‍ 2500 രൂപയാണ് വരെയാണ് വാടകയും വെയിറ്റിംഗ് ചാര്‍ജും നിശ്ചയിച്ചിട്ടുള്ളത്. 20 കിലോമീറ്റര്‍ ഉള്ളില്‍ നോണ്‍ എസി ഒമിനി ആംബുലന്‍സുകള്‍ക്ക് 600 രൂപയാണ് മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20രൂപ അധികം നല്‍കണം. മണിക്കൂറിന് 150 രൂപയാണ് വെയിറ്റിംഗ് ചാര്‍ജ്.
 
അതേസമയം എസി ഉള്ള ഒമിനി ആംബുലന്‍സിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റര്‍ വരെ നല്‍കേണ്ട വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ വീതം നല്‍കണം. വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 150 രൂപയും ഓക്‌സിജന്‍ സപ്പോര്‍ട്ടിന് 200 രൂപ നല്‍കണം. അതേസമയം നോണ്‍ എ സി ട്രാവലര്‍ ആംബുലന്‍സിന് ആദ്യ 20 കിലോമീറ്ററിന് 1000 രൂപയാണ്. പിന്നീടുള്ള ഓരോ കിലോമീറ്റര്‍ 30 രൂപ വീതം നല്‍കണം.
 
വെയിറ്റിംഗ് ചാര്‍ജ് 200 രൂപയും നല്‍കണം. എസി ഉള്ള ട്രാവലര്‍ ആംബുലന്‍സിന് 1500 രൂപയാണ് 20 കിലോമീറ്റര്‍ വരെ നല്‍കേണ്ടത്. കിലോമീറ്ററിന് 40 രൂപ അധികം നല്‍കേണ്ടിവരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍