നാല് കോടിയുടെ ആംബർ ഗ്രീസും ലഹരിമരുന്നു പിടികൂടി : എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റിൽ
വെഞ്ഞാറമൂട് : നാല് കോടിയുടെ ആംബർ ഗ്രീസും ലഹരിമരുന്നു പിടികൂടി. ഇതുമായി ബന്ധപ്പെട്ടു എഞ്ചിനീയറിംഗ് ബിരുദധാരി പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം രാവിലെ എം.സി റോഡിൽ വെമ്പായം കൊപ്പം ജംഗ്‌ഷന് സമീപം മയക്കുമരുന്നുമായി വന്ന കാറും യുവാവും വാഹന പരിശോധനയ്ക്കിടെ പിടിയിലാവുകയായിരുന്നു.
കഴക്കൂട്ടം ചന്തവിള സൈനിക സ്കൂളിനടുത്ത് എം.എ മൻസിലിൽ ഗരീബ് നവാസ് എന്ന 28 കാരണാണ് പിടിയിലായത്. ഇയാളിൽ നിന്ന് നാല് കിലോ വരുന്ന ആംബർ ഗ്രീസും രണ്ട് ഗ്രാം എം.ഡി.എം.എ, 15 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തു.
വൻതോതിൽ മയക്കുമരുന്നുമായി കാറിൽ ഒരാൾ വരുന്നുണ്ടെന്നു ലഭിച്ച വിവരത്തെ തുടർന്ന് എക്സൈസ് പാർട്ടി നിലയുറപ്പിച്ചിരുന്നു. കാർ നിർത്താത്തതിനെ തുടർന്ന് പിന്തുടർന്നെത്തി പിരപ്പൻകോട് നീന്തൽ കുളം കഴിഞ്ഞു കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.