കുമ്പസാരത്തിലൂടെ അഴിമതിക്കാരെ രക്ഷിക്കാമെന്ന് ആന്റണി കരുതേണ്ട: പിണറായി
ശനി, 16 മെയ് 2015 (10:49 IST)
സമൂഹത്തിന്റെ നാനാവിധ മേഖലകളിലും ഇന്ന് അഴിമതി പടരുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി വ്യക്തമാക്കിയതിനെ തള്ളി ഫേസ്‌ബുക്കില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആന്‍റണിയുടെ പാര്‍ടി നേതൃത്വം കൊടുക്കുന്ന യുഡിഎഫ് സര്‍ക്കാരാണ് കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയത്. ഏറ്റവും വലിയ അഴിമതിക്കാർ ഭരണത്തിൻറെ തലപ്പത്ത് തന്നെ ഉണ്ടാകുമ്പോൾ അഴിമതി പടർന്നു പിടിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഭരണം അഴിമതിയിൽ മുങ്ങിയിരിക്കുന്നു എന്ന് എകെ ആന്റണിക്കും തുറന്നു പറയേണ്ടി വന്നിരിക്കുന്നു. ജനങ്ങൾക്ക് അത് നേരത്തെ ബോധ്യമായതാണ്. ഇത്രയും മോശമായ ഒരു ഭരണത്തെ എന്തിന് കേരളീയരുടെ തലയിൽ തുടർന്നും കെട്ടി വെക്കുന്നു എന്ന് കൂടി, കോണ്‍ഗ്രസ്സിന്റെ പ്രവർത്തക സമിതി അംഗം പറയേണ്ടതുണ്ട്. ഏറ്റവും വലിയ അഴിമതിക്കാർ ഭരണത്തിൻറെ തലപ്പത്ത് തന്നെ ഉണ്ടാകുമ്പോൾ അഴിമതി പടർന്നു പിടിക്കുന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസ് എന്ന സ്വന്തം കക്ഷിയും അതിന്റെ നേതൃത്വത്തിലുള്ള സർക്കാരുമാണ് കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയത് എന്ന് ആന്റണി തിരിച്ചറിയണം.
യുഡിഎഫ് സർക്കാരുകൾ അഴിമതിയുടെ പര്യായങ്ങളാണ് എക്കാലത്തും. എന്നാൽ ഇത്രയേറെ സംഘടിതമായി, സർവവ്യാപിയായി അഴിമതി നട്ടു വളർത്തിയ കാലം ഇതിനു മുൻപുണ്ടായിട്ടില്ല. ഈ അവസ്ഥ ഏറ്റുപറച്ചിൽ കൊണ്ടോ കുമ്പസാരം കൊണ്ടോ മാറ്റാൻ ആകുമെന്ന് ആരും കരുതേണ്ടതില്ല. അഴിമതിക്കാർ ജനങ്ങളോട് കണക്കു പറഞ്ഞേ തീരൂ. കോടികൾ കോഴ വാങ്ങി, അധികാരത്തിന്റെ തണലിൽ നിയമത്തെ കബളിപ്പിച്ചു നടക്കുന്നവരെ ജനങ്ങളുടെ രോഷത്തിൽ നിന്ന് രക്ഷിക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്ന് ആന്റണി അടക്കമുള്ളവർ മനസ്സിലാക്കണം.