കേരള പൊലീസിന് ‘ആട് ഒരു ഭീകരജീവിയല്ല’ !

ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (15:52 IST)
കൊല്ലത്ത്‌ പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ മുങ്ങിനടന്ന ക്രിമിനല്‍ ആട്‌ ആന്റണിയെ ആദ്യം കണ്ടെത്തിയതും തിരിച്ചറിഞ്ഞതും പാലക്കാട്‌ ചിറ്റൂര്‍ സ്‌റ്റേഷനിലെ ഒരു പോലീസുകാരിയായിരുന്നു. ഇവര്‍ക്കുണ്ടായ ഒരു സംശയമാണ്‌ ആന്റണിയെ ഇന്ന്‌ രാവിലെ കുടുക്കുന്നതിലേക്ക്‌ പോലീസിനെ നയിച്ചത്‌.

നേരത്തേ മറ്റൊരു കേസുമായി ബന്ധപ്പെട്ട ഗോപാലപുരത്ത്‌ എത്തിയ ചിറ്റൂര്‍ സ്‌റ്റേഷനിലെ വനിതാകോണ്‍സ്‌റ്റബിള്‍ മുമ്പ്‌ ചിത്രത്തിലൂടെ കണ്ടിട്ടുള്ള ആട്‌ ആന്റണിയെ കാണുകയും സംശയം തോന്നുകയുമായിരുന്നു. വിവരം ഇവര്‍ ഉടന്‍ സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ സംഘം ഒരു മാസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്ന ആട് ആന്റണി കേരള അതിർത്തിയിൽ ധാരാപുരത്ത് ഒരു സ്ത്രീയുടെ വീട്ടിൽ ഇടയ്ക്കിടക്ക് എത്താറുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേതുടർന്ന് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ പ്രദേശം. മാസങ്ങൾ നീണ്ട നിരീക്ഷണത്തിലൊടുവിൽ ഇയാൾ ആട് ആന്റണി തന്നെയാണെന്ന് ഉറപ്പാക്കിയാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഇവിടെയുണ്ടെന്ന കൃത്യമായ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പതിവില്ലായിരുന്ന ഇയാള്‍ ബൂത്തില്‍ നിന്നും മറ്റുമായിരുന്നു ഭാര്യയെ വിളിച്ചിരുന്നത്‌. അതുകൊണ്ട്‌ തന്നെ സൈബര്‍സെല്‍ വഴിയുള്ള ഒരു നീക്കം ഫലപ്രദമായിരുന്നില്ല. സ്ത്രീകൾ ഇയാൾക്ക് ദൗർബല്യമാണെന്ന് അറിയാവുന്ന പൊലീസ് ഇത്തരം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും മറ്റുമാണ് ഇയാൾക്കായി വലവിരിച്ചത്. ഇയാളുമായി നേരത്തെ ബന്ധമുളള സ്ത്രീകളെ പൊലീസ് നിരീക്ഷിച്ചിരുന്നു.

പൊള്ളാച്ചി ധാരാപുരത്ത് വീടുള്ള ഇയാള്‍ മകനെയും ഭാര്യയേയും കാണാനായി ഗോപാലപുരത്ത്‌ സ്‌ഥിരമായി വരുന്നതായും മകന്‍ ഇവിടെ ഒരു സ്‌കൂളില്‍ പഠിക്കുന്നതായും പോലീസ്‌ കണ്ടെത്തി. അതേസമയം മുടി വെട്ടിയും വേഷം മാറിയും പല രീതിയില്‍ വന്നു കൊണ്ടിരിക്കുന്ന ഇയാളെ പെട്ടെന്ന്‌ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഭാര്യയില്‍ നിന്നു തന്നെ ഇക്കാര്യം സ്‌ഥിരീകരണം നടത്തിയ ശേഷം ഇന്നു രാവിലെ എട്ടു മണിയോടെ പിടികൂടുകയായിരുന്നു.

ഇന്ന് പുലർച്ചെ കേരള അതിർത്തിയിൽ ധാരാപുരത്തെ ഒരു സ്ത്രീയുടെ വീടിന്റെ പരിസരത്ത് വച്ചാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ആട് ആന്റണിയെ പിടികൂടിയത്. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ആന്റണിയെ കീഴടക്കിയത്. പതറിയ ആട് ആന്റണി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൂർണ്ണ സജ്ജമായി എത്തിയ പൊലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ക്ളീൻഷേവ് ചെയ്ത നിലയിലായിരുന്നു ഇയാൾ. ഷർട്ടും പാന്റുമായിരുന്നു വേഷം. തമിഴ്നാട് പൊളളാച്ചി കേന്ദ്രീകരിച്ചും മറ്റുമായി ഇയാൾ താമസിക്കുന്നുണ്ടെന്ന് പൊലീസിന് ഒരു വർഷം മുമ്പേ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഈ മേഖലകളിലും പാലക്കാട് അതിർത്തിയിലും രഹസ്യ നിരീക്ഷണം ഏർപ്പെടുത്തി വരികയായിരുന്നു.

മൂന്ന്‌ വര്‍ഷം മുമ്പ്‌ ഒരു മോഷണ മുതലുമായി കടക്കുന്നതിനിടയില്‍ പിടിയിലായതിനെ തുടര്‍ന്ന്‌ രണ്ടു പോലീസുകാരെ കുത്തിയ ശേഷം ഇയാള്‍ മുങ്ങിക്കളയുകയായിരുന്നു. ഇവരില്‍ ഒരാള്‍ മരണത്തിന്‌ കീഴടങ്ങുകയും ചെയ്‌തു. തുടര്‍ന്ന് നടന്ന മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ ആന്റണി പിടിയിലാകുന്നത്.  ആട് ആന്റണിയേ തേടി രാജ്യം മുഴുവനും പൊലീസ് സംഘം സഞ്ചരിച്ചു.

ഒരിടത്തും ആട് ആന്റണി സ്ഥിരമായി നിന്നിരുന്നില്ല. ചെല്ലുന്നിടത്തെല്ലാം ഇയാള്‍ക്ക് ഭാര്യമാരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തുമ്പോഴേയ്ക്കും ആന്റണി മുങ്ങിയിട്ടുണ്ടാകും. ഒടുക്കം പിടികിട്ടാന്‍ യാതൊരു സാധ്യതയുമില്ലെന്ന് വന്നപ്പോള്‍ ഒരു ലക്ഷം രൂപ ആന്റണിയുടെ തലയ്ക്ക് പൊലീസ് സമ്മാന്ം പ്രഖ്യാപിക്കുകയും ചെയ്തു. ഏതായാലും മോഷണവും കൊലപാതകവും വഞ്ചനാ കുറ്റങ്ങളുമുള്‍പ്പെടെ ജീവിതകാലം മുഴുവനും ജയിലില്‍ കിടക്കാനുള്ള വക ആട് ആന്റണി തന്നെ ഉണ്ടാക്കിവച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക