ക്വട്ടേഷൻ നല്‍കിയ ‘ആ യുവനടി’ ആര് ?; വെളിപ്പെടുത്തലുമായി മൈഥിലി രംഗത്ത്

ചൊവ്വ, 4 ജൂലൈ 2017 (18:24 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചലച്ചിത്രതാരം മൈഥിലി.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘമോ പൊലീസോ തന്നെ ചോദ്യം ചെയ്‌തിട്ടില്ല. സ്ത്രീ ശാരീരികമായി അക്രമിക്കപ്പെടുന്നത് പോലെ തന്നെ പീഡനമാണ് അപവാദ പ്രചാരണവും. തികച്ചു വ്യാജമായ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും മൈഥിലി വ്യക്തമാക്കി.

കേസില്‍ താന്‍ ദിവസവും ഇരയാകുകയാണെന്നും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നും മൈഥിലി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ മൈഥിലിയെ പൊലീസ് ചോദ്യം ചെയ്‌തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് മൈഥിലി വഴിയാണെന്നും ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് ഇവരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അതേസമയം,  മതിയായ തെളിവുണ്ടെങ്കില്‍ അറസ്‌റ്റ് നടപടികള്‍ വൈകിപ്പിക്കേണ്ടെന്ന് പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് അറസ്‌റ്റ് വൈകുന്നത്. നടിയെ വാഹനത്തിനുള്ളില്‍ വെച്ച് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക