പശു അമ്മയാണ്, പേരിൽ തന്നെ കൃഷ്ണൻ എന്നുള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല: കൃഷ്ണകുമാർ

വ്യാഴം, 16 ഫെബ്രുവരി 2023 (13:28 IST)
തനിക്ക് പശുക്കളോടുള്ള സ്നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും പലരും ട്രോളിയേക്കാമെങ്കിലും പശുക്കളുമായുള്ള സ്നേഹം പൂർവാധികം ദൃഡമായിരിക്കുന്നുവെന്നും സിനിമാ താരവും ബിജെപി നേതാവുമായ കൃഷ്ണകുമാർ. അവസരം ലഭിക്കുമ്പോഴെല്ലാം മിണ്ടാപ്രാണികൾക്കൊപ്പം സമയം ചിലവിടാറുണ്ടെന്നും തുടർന്നും അങ്ങനെ തന്നെ തുടരാനാണ് ആഗ്രഹമെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കൃഷ്ണകുമാർ പറയുന്നു.
 
കൃഷ്ണകുമാറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
 
നമസ്കാരം സഹോദരങ്ങളേ,
 
ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ചുരുക്കത്തിൽചില കാര്യങ്ങൾ  പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും.
 
    പേരിൽത്തന്നെ കൃഷ്ണൻ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം ; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക.
 
 അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും.
 
ഞാനും നിങ്ങളും ജനിച്ചുവീണുകഴിഞ്ഞു ജീവൻ നിലനിർത്തിയതും വളർന്നു വലുതായതും അമ്മയുടെ മുലപ്പാൽ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും അമ്മമാരാണ്. 
 
ഉറപ്പിച്ചുപറയട്ടെ, എവിടെ, എപ്പോൾ സൗകര്യമുണ്ടായാലും ഞാൻ ഇവർക്കൊപ്പം ഇനിയും സമയം ചിലവിടും. താങ്കളും അങ്ങനെ ചെയ്യാൻ, ഞാൻ ആഗ്രഹിക്കുന്നു. 
 
ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്. 
മനസ്സുനിറഞ്ഞു നിർത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍