മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭ വളയണം: വെല്ലുവിളിയുയര്‍ത്തി വി എസ്

ബുധന്‍, 28 ജനുവരി 2015 (19:20 IST)
ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ എം മാണിയെ വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ധൈര്യമുണ്ടെങ്കില്‍ മാണി ബജറ്റ് അവതരിപ്പിക്കാനാണ് വി എസിന്‍റെ വെല്ലുവിളി. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭ വളയണമെന്നും വി എസ് ആഹ്വാനം ചെയ്തു.
താന്‍ ജീവിച്ചിരിക്കുമ്പോള്‍, യു ഡി എഫ് ഉണ്ടെങ്കില്‍, താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാണി വ്യക്തമാക്കിയിരുന്നു.

താന്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് പ്രതിപക്ഷം പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. ബജറ്റ് സഭയുടെ മേശപ്പുറത്തുവച്ചാല്‍ മതി. പ്രതിപക്ഷത്തിന്‍റെ ഈ കോപ്രായങ്ങളൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. താന്‍ ബജറ്റില്‍ നികുതി കുറച്ചുകൊടുത്തു എന്നാണ് ആരോപണം. നികുതിയിളവുകള്‍ നല്‍കുന്നത് എല്ലാ ധനമന്ത്രിമാരും ചെയ്യുന്നതാണ്. ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ അല്ല, കാറ്റഗറികള്‍ക്കാണ് നികുതിയിളവുകള്‍ നല്‍കുന്നത്. ഇതൊക്കെ അഴിമതിയാണെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക? - മാണി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. മാണീ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നിയമസഭ വളയണമെന്ന വി എസിന്‍റെ ആഹ്വാനം ഒരു സമരമുറയായി എല്‍ ഡി എഫ് ഏറ്റെടുത്താല്‍ ബജറ്റ് സമ്മേളന കാലഘട്ടം ഏറെ പ്രക്ഷുബ്‌ധമാകുമെന്നത് തീര്‍ച്ചയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക