സ്വര്‍ണക്കടത്തുകേസ്: പിടികിട്ടാപ്പുള്ളി അബുലൈസ് പിടിയില്‍

ശനി, 25 ഓഗസ്റ്റ് 2018 (17:16 IST)
സ്വര്‍ണക്കടത്തുകേസിലെ പിടികിട്ടാപ്പുള്ളിയായ അബുലൈസ് പിടിയില്‍. ഡയറക്‍ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് ആണ് അബുലൈസിനെ തൃശൂരില്‍ വച്ച് പിടികൂടിയത്. 
 
തൃശൂര്‍ ലുലു കണ്‍‌വന്‍ഷന്‍ സെന്‍ററില്‍ ഒരു ബന്ധുവിന്‍റെ വിവാഹത്തിനായി എത്തിയപ്പോഴാണ് അബുലൈസ് പിടിയിലായത്. അബുലൈസ് വരുന്നു എന്ന വിവരം രഹസ്യമായിരുന്നു എങ്കിലും റവന്യൂ ഇന്‍റലിജന്‍സിന് വിവരം ചോര്‍ന്നുകിട്ടി. 
 
വിദേശത്തുനിന്ന് വിമാനത്താവളങ്ങള്‍ വഴിയും നേപ്പാള്‍ വഴിയും അബുലൈസ് സ്വര്‍ണം കടത്തിയെന്നാണ് കേസ്. വിദേശത്ത് താമസിച്ചിരുന്ന ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നിരുന്നെങ്കിലും അവയൊന്നും വിജയം കണ്ടിരുന്നില്ല. 
 
കേസ് നിലവിലുള്ളപ്പോള്‍ തന്നെ പലതവണ ഇയാള്‍ ഇന്ത്യയിലെത്തിയിരുന്നു. നേപ്പാള്‍ വഴിയാണ് പലപ്പോഴും എത്തിയത്. എന്നാല്‍ അബുലൈസിനെ പിടികൂടുന്നതില്‍ അന്നെല്ലാം പൊലീസും ഇന്‍റലിജന്‍സും പരാജയപ്പെടുകയായിരുന്നു. 
 
കൊടുവള്ളി സ്വദേശിയായ അബുലൈസ് 2013 മുതലാണ് ഒളിവില്‍ പോയത്. പിന്നീട് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍