അഭിമന്യുവിന്റെ കൊലപാതകം; മുഹമ്മദിന് മുഴുവൻ പ്രതികളെ അറിയില്ല, ഗൂഢാലോചനയുടെ ചുരുളുകൾ അഴിക്കാൻ കഴിയാതെ പൊലീസ്

ശനി, 21 ജൂലൈ 2018 (09:06 IST)
അഭിമന്യു വധക്കേസിൽ വെള്ളം കുടിച്ച് പൊലീസ്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദിനെ അറസ്റ്റ് ചെയ്തതോടെ കൊലപാതകം നടത്തിയ പ്രതികളെ കുറിച്ചെല്ലാ വിവരവും ലഭിക്കുമെന്ന് കരുതിയ പൊലീസിന്റെ നീക്കങ്ങളെല്ലാം അവതാളത്തിലായി. 
 
കുറ്റകൃത്യങ്ങൾക്കു പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിക്കുന്ന ക്രിമിനൽ ലെയർ തന്ത്രമാണ് അഭിമന്യുവിന്റെ കേസിൽ ഇപ്പോൾ തെളിഞ്ഞുവരുന്നത്. കൊല നടന്ന ദിവസം മഹാരാജാസ് കോളജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവൻ അറിയില്ല.
 
മുഹമ്മദ് അറസ്റ്റിലാവുന്നതോടെ കുറ്റകൃത്യം സംബന്ധിച്ച ഗൂഢാലോചനയുടെ മുഴുവൻ ചുരുളും അഴിയുമെന്ന പൊലീസിന്റെ പ്രതീക്ഷയാണ് ഇവിടെ തകർന്നത്.  എന്നാൽ, കണ്ണൂർ സ്വദേശി മുഹമ്മദ് റിഫിനെക്കുറിച്ചുള്ള വിവരമാണു പ്രതിയിൽനിന്നു പ്രധാനമായും കിട്ടിയത്.
 
ചോദ്യം ചെയ്യലിൽ ഇതുവരെ പൊലീസിന് എത്തിച്ചേരാൻ കഴിഞ്ഞതു നാലു പ്രതികൾ ഉൾപ്പെട്ട ‘നെട്ടൂർ ലെയറി’ലേക്കു മാത്രം. സംഘടിത കുറ്റകൃത്യങ്ങളിൽ പൊലീസ് അന്വേഷണത്തെ വഴിമുട്ടിക്കാനാണു പരസ്പരബന്ധമില്ലാത്ത ക്രിമിനൽ സംഘങ്ങളെ ഒരേ കുറ്റകൃത്യത്തിനു നിയോഗിക്കുന്നത്. സംഘത്തിലെ ഒരാളെ പിടികൂടി ചോദ്യം ചെയ്താലും മറ്റു പ്രതികളിലേക്ക് അന്വേഷണസംഘത്തിന് എളുപ്പം എത്തിച്ചേരാൻ കഴിയില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍