കൊലപാതകം, മോഷണങ്ങള്‍, പീഡനം, വിവാഹത്തട്ടിപ്പ്; ആടിന്റെ ജീവിതം ഇനി ജയിലില്‍ ഒടുങ്ങും...
ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (16:46 IST)
പൊലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ആട് ആന്റണി പിടിയിലായതോടെ തുമ്പുണ്ടായത് നിരവധി കുറ്റകൃത്യങ്ങള്‍ക്ക്. ഇനി ആയുഷ്കാലം മുഴുവനും ജയില്‍ കിടന്നാല്‍ മാത്രം അനുഭവിച്ച് തീര്‍ക്കാന്‍ പറ്റുന്നത്ര കേസുകളാണ് ആടിനെതിരെ ചര്‍ത്തിയിരിക്കുന്നത്. കൊലപാതകം, ഭവനഭേദനം, കവർച്ച, തെളിവ് നശിപ്പിക്കൽ, വിവാഹത്തട്ടിപ്പ്, അനാഥാലയങ്ങളുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് തുടങ്ങി ആടിന്റെ പേരിൽ നാട്ടിലും പുറത്തുമില്ലാത്ത കേസുകളൊന്നുമില്ല.
കേരളത്തിന് പുറമേ തമിഴ്നാട്, കർണാടകം , മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഒളിവില്‍ കഴിയുന്ന കാലത്ത് ആന്ധ്രാപ്ര്ദേശിലും ഒരു കൊലപാതകത്തില്‍ ആട് ആന്റണി പ്രതിയാണ്. പൊലീസിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമായി മുന്നൂറിലധികം മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ട്. വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ കബളിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസുകൾ വേറെ വരാം.
ഒളിവില്‍ കഴിയുന്ന കാലത്ത് എത്തിയ സ്ഥലങ്ങളില്‍ എല്ലാം തന്നെ ഭാര്യമാരെ ഉണ്ടാക്കിയ ആട് ആന്റണി ഭാര്യമാരെ സന്തോഷിപ്പിക്കാനും ആഡംബര ജീവിതം നയിക്കാനും നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പൊലീസ് ഡ്രൈവറെ കൊലപ്പെടുത്തി അന്യ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുമ്പോഴും മോഷണം നിറുത്തിയില്ല. കൂടാതെ തട്ടിപ്പ് കേസുകളും വേറെ.
വർഷങ്ങൾക്ക് മുമ്പ് സ്വദേശമായ കുണ്ടറയിൽ ആടിനെയും സമീപത്തെ വീടുകളിലും സ്കൂളുകളിലും നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും കവർച്ച ചെയ്ത് കുപ്രസിദ്ധമായ ജീവിതം ആരംഭിച്ച ആന്റണിക്ക് പലസ്ഥലങ്ങളില്‍ നിന്നായി 20 ഭാര്യമാരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒന്നിലധികം ഭാര്യമാരെപ്പോലും ഒരേ വീട്ടില്‍ താമസിപ്പിക്കാന്‍ പോലും ആന്റണി ധൈര്യപ്പെട്ടിരുന്നു. പല സ്ത്രീകളില്‍ നിന്നുമായി ഇയാള്‍ക്ക് നിരവധി മക്കളുമുണ്ട്.