ആട് ആന്റണിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും

ബുധന്‍, 14 ഒക്‌ടോബര്‍ 2015 (15:57 IST)
കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ ആട് ആന്റണിയെ തിരിച്ചറിയാന്‍ പൊലീസ് ഡി എന്‍ എ പരിശോധന നടത്തും. പൊലീസ് ഇയാളുടെ വിവിധ രൂപത്തിലും ഭാവത്തിലുമുള്ള പടങ്ങള്‍ പരസ്യമായി നല്കിയിരുന്നെങ്കിലും പൊതുജനത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് പിടികൂടിയ ആള്‍ ആട് ആന്റണിയെ തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് ഡി എന്‍ എ പരിശോധന നടത്തുന്നത്.
 
പാരിപ്പള്ളി മടത്തറയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ്  ഡ്രൈവറെ  കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസമാണ് ആട് ആന്റണി അറസ്റ്റിലായത്.
 
ഒരിക്കല്‍ മഹാരാഷ്‌ട്രയിലെ നക്‌സല്‍ മേഖലയില്‍ നിന്നും ആന്റണിയുമായി സാമ്യമുള്ള  ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആട് ആന്റണിയുമായി കാഴ്ചയിലും നടപ്പിലും 90 ശതമാനവും സാമ്യമുണ്ടായിരുന്നെങ്കിലും ഇയാള്‍ പിന്നീട് മഹാരാഷ്‌ട്ര സ്വദേശിയായ അധ്യാപകനാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിടിയിലായത് ആട് ആന്റണി തന്നെയാണെന്ന് ഉറപ്പാക്കാന്‍ ഡി എന്‍ എ പരിശോധന നടത്തുന്നത്.
 
കഴിഞ്ഞദിവസം ആട് ആന്റണിയുടെ ഗോപാലപുരത്തെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത് ലക്ഷക്കണക്കിന് വിലവരുന്ന വസ്തുക്കള്‍‍. ഇതില്‍ പ്രധാനമായും ഇലക്‌ട്രോണിക് ഉപകരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. നാല് ലാപ്‌ടോപ്പുകള്‍ ഉള്‍പ്പടെയുള്ള നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍, നിരവധി സിം കാര്‍ഡുകള്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി.

വെബ്ദുനിയ വായിക്കുക