വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബാങ്കുകളില്‍ ജനം ഇടിച്ചു കയറും; വരാന്‍ പോകുന്നത് മൂന്ന് അവധി ദിവസങ്ങള്‍!

ബുധന്‍, 9 നവം‌ബര്‍ 2016 (17:02 IST)
കള്ളപ്പണവും ഭീകരവാദവും തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 500 രൂപ, 1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത് ബാങ്ക് ഇടപാടുകളെ താറുമാറാക്കും. ഒരു ദിവസത്തെ അവധിക്ക് ശേഷം വ്യാഴാഴ്‌ച ബാങ്കുകള്‍ തുറക്കുമ്പോഴുള്ള തിരക്ക് എങ്ങനെ നിയന്ത്രിക്കാം എന്ന ആശങ്കയിലാണ് അധികൃതര്‍.

വ്യാഴം, വെള്ളി ദിവസങ്ങള്‍ക്ക് ശേഷം മൂന്ന് അവധി ദിവസങ്ങള്‍ എത്തുന്നതാണ് ബാങ്ക് അധികൃതരെയും ജനങ്ങളെയും  സമ്മര്‍ദ്ദത്തിലാക്കുന്നത്. പന്ത്രണ്ടാം തിയതി രണ്ടാം ശനിയും പതിമൂന്നാം തിയതി ഞായറാഴ്‌ചയുമാണ്. ശിശുദിനമായതിനാല്‍ തിങ്കളാഴ്‌ചയും ബാങ്ക് അവധിയാണ്. ഈ സാഹചര്യത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വന്‍ തിരക്കാവും രാജ്യത്തെ ബാങ്കുകളില്‍ അനുഭവപ്പെടുക.

ട്രഷറികളും എടിഎമ്മുകളും അടഞ്ഞുകിടക്കുന്നതിനാല്‍ വരുന്ന നാല് ദിവസങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകാനാണ് സാധ്യത. കൈവശമിരിക്കുന്ന 500, 1000 നോട്ടുകള്‍ മാറ്റി വാങ്ങണമെങ്കില്‍ ബാങ്കുകള്‍ തുറക്കണം. ബാങ്കുകളില്‍ എത്രത്തോളം പണം എത്തിക്കാന്‍ കഴിഞ്ഞു എന്ന കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ വ്യക്തത കൈവരുത്തിയിട്ടില്ല. സാധാരണക്കാര്‍ അടക്കമുള്ളവര്‍ കൂട്ടത്തോടെ എത്തുന്നതോടെ ബാങ്കിന്റെ മറ്റ് പ്രവര്‍ത്തനങ്ങളും വരുന്ന രണ്ട് ദിവസത്തേക്ക് നിശ്ചലമാകും.

ബാങ്കുകളിലെ പ്രത്യേകം കൌണ്ടറുകള്‍ക്ക് മുന്നില്‍ നീണ്ട നിര കാണുമെന്ന് ഉറപ്പാണ്. നഗരങ്ങളില്‍ സാധാരണക്കാര്‍ക്കൊപ്പം വ്യാപാരികളും മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവരുമടക്കമുള്ളവര്‍ ബാങ്കിലെത്തും. വലിയ തുകയ്‌ക്കുള്ള ചില്ലറ നോട്ടുകള്‍ കൈവശമില്ലാത്തതിനാല്‍ വലിയ ഇടപാടുകാരെയും നോട്ട് അസാധുവാക്കല്‍ സാരമായി ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇടപാടുകള്‍ ബുധനാഴ്‌ച കുറവായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുതിയ 2000, 500 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്നാണ് വിവരം. അതിനിടെ ബാങ്കുകള്‍ തുറക്കുമ്പോഴുളള തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. എസ്‌ബിഐയുടെ പ്രധാനശാഖകളിലെല്ലാം താത്കാലിക കൗണ്ടറുകള്‍ തുറക്കും.

പരമാവധി എടിഎമ്മുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി അറിയിച്ചുവെങ്കിലും മൂന്നു ദിവസത്തേക്ക് എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് ചില സ്വകാര്യബാങ്കുകള്‍ വിവിധ ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. ഈ മാസം 24 വരെ അക്കൗണ്ടില്‍ നിന്നും ദിവസം 10000 രൂപയും ആഴ്ചയില്‍ 20000 രൂപ വരെയും പിന്‍വലിക്കാമെങ്കിലും ജനങ്ങളുടെ ആശങ്കയ്‌ക്ക് അറുതിയായിട്ടില്ല.

വെബ്ദുനിയ വായിക്കുക