സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യമെമ്പാടും ഉറ്റുനോക്കിയ മണ്ഡലങ്ങളില്‍ ഒന്നായ തിരുവനന്തപുരത്ത് ഒടുവില്‍ മന്ത്രിയാവും എന്ന് ഉറപ്പുള്ള ബിജെപിയുടെ ഒ രാജഗോപാല്‍ നിലവിലെ എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിനോട് വോട്ടെണ്ണലിന്‍റെ ആദ്യാവസാനം പൊരുതി കീഴടങ്ങി. 14501 വോട്ടിനാണ് രാജഗോപാല്‍ പരാജയപ്പെട്ടത്.
തുടക്കം മുതല്‍ തന്നെ ലീഡ് നേടിയ രാജഗോപാല്‍ ഇടയ്ക്ക് തരൂരിനോടും ഇടതു സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമിനും പിന്നിലായി. എങ്കിലും അവസാന ലാപ്പില്‍ തരൂരും രാജഗോപാലും ഇഞ്ചോടിഞ്ച് പൊരുതുകയായിരുന്നു. 7000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി തരൂര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇടയ്ക്ക് വോട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഈ സമയം 42000 ലേറെ വോട്ടുകള്‍ ബാക്കിയുണ്ടായിരുന്നതും രാജഗോപാലിന് ഭൂരിപക്ഷം ഉറപ്പിച്ചിരുന്നതുമായ കാരോട്, വട്ടിയൂര്‍ക്കാവ്, ഋഷിമംഗലം, കണ്ണമ്മൂല എന്നിവിടങ്ങളിലെ വോട്ടുകളാണ് ഈ സമയത്ത് എണ്ണാന്‍ ബാക്കിയുണ്ടായിരുന്നത്.
എന്നാല്‍ പൂവാര്‍ പ്രദേശത്തെ വോട്ടുകള്‍ എണ്ണിയപ്പോള്‍ തരൂരിനു മുന്‍തൂക്കം ലഭിക്കുകയയിരുന്നു. ഒടുവില്‍ 296319 വോട്ട് നേടിയ തരൂര്‍ 14501 വോട്ടിന്‍റെ ഭൂരിപക്ഷത്തിനു വിജയിക്കുകയാണുണ്ടായത്. ഒടുക്കം വരെ പൊരുതിയ രാജഗോപാലിന് 281818 വോട്ട് ലഭിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഇടതു സ്ഥാനാര്‍ഥി ബെന്നറ്റ് പി.എബ്രഹാമിനു 248202 വോട്ടുകള്‍ ലഭിച്ചു. രാജഗോപാല്‍ ഇവിടെ പരാജയപ്പെട്ടെങ്കിലും മോഡി മന്ത്രിസഭയില്‍ ഇടം തേടുമെന്നു തന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്.