‘മുഖ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതം; വധിക്കുകയായിരുന്നു ലക്‍ഷ്യം’

തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (12:41 IST)
PRO
PRO
മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് കണ്ണൂര്‍ ഡിസിസി. താലിബാന്‍ മോഡല്‍ ആക്രമണമാണ് നടന്നത്. മുഖ്യമന്ത്രിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നും ഡിസിസി ആരോപിച്ചു.

മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ പോലീസിന് വീഴ്ചപറ്റി. കണ്ണൂരിലെ പൊലീസിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം. വൈകീട്ട് മുതല്‍ സിപിഎം ക്രിമിനലുകള്‍ നഗരത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ കമാനങ്ങള്‍ ഇവര്‍ തകര്‍ക്കുന്നത് പൊലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും ഡിസിസി ആരോപിച്ചു.

സംസ്ഥാന പോലീസ് കായികമേളയുടെ സമാപനവും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ ജാഥയുടെ സമാപനവും ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നതിനിടെയുണ്ടായ കല്ലേറില്‍ കാറിന്റെ ചില്ലുതകര്‍ന്ന് മുഖ്യമന്ത്രിക്ക് പരുക്കേല്‍ക്കുകയായിരുന്നു. . ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് കുറഞ്ഞത് അഞ്ചുപേരെ വീതം അണിനിരത്തിയാണ് സിപിഎം പ്രതിഷേധത്തിനെത്തിയത്.

സോളാര്‍ വിഷയത്തില്‍ രാജി ആവശ്യപ്പെട്ടുള്ള സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പൊതുപരിപാടിക്കായി എത്തിയത്. മുഖ്യമന്ത്രിയെ കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന സിപിഎം പ്രഖ്യാപനത്തെത്തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പുണ്ടായിരുന്ന രണ്ട് പൊതുപരിപാടികള്‍ മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക