‘കേരളത്തിലെത്തി സോളാറിനെക്കുറിച്ച് സംസാരിക്കാന്‍ ഭയമാണ്’- ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനെ പരിഹസിച്ച് നരേന്ദ്രമോദി!

വെള്ളി, 6 മെയ് 2016 (15:58 IST)
കേരളത്തിലെത്തി സൌരോര്‍ജ്ജത്തെക്കുറിച്ച് സംസാരിക്കാന്‍ തന്നെ ഭയമാണെന്നും സോളാര്‍ എന്നത് കേരളത്തില്‍ അഴിമതിയുടെ പ്രതീകമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്ടെത്തിയ നരേന്ദ്രമോദി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് സര്‍ക്കാരിനെതിരെ പരിഹാസവും വിമര്‍ശനവും ഇടകലര്‍ത്തി ആഞ്ഞടിച്ചത്.
 
ജിഷ എന്ന ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണുതുറന്നില്ലെന്ന് നരേന്ദ്രമോദി പറഞ്ഞു. കേരള നിയമസഭയില്‍ മൂന്നാം ശക്തിയായി ബി ജെ പി ഉയര്‍ന്നുവരുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
 
യു ഡി എഫും എല്‍ ഡി എഫും കേരളത്തെ കൊള്ളയടിച്ചു. പരസ്പരം സഹകരിച്ചാണ് യു ഡി എഫും എല്‍ ഡി എഫും ഭരിക്കുന്നത്. 60 വര്‍ഷം ഭരിച്ചവര്‍ സംസ്ഥാനത്തിനായി ഒന്നും ചെയ്തില്ല. കര്‍ഷകരെ ഉള്‍പ്പടെ ഇപ്പോഴത്തെ യു ഡി എഫ് സര്‍ക്കാര്‍ അവഗണിക്കുകയാണ് - മോദി ആരോപിച്ചു. 
 
യെമനില്‍ അടക്കമുള്ളയിടങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചു. ഗള്‍ഫിലെ ലേബര്‍ ക്യാംപുകളിലെത്തി ഞാന്‍ മലയാളികളെ നേരിട്ടുകണ്ടു. കേരളത്തെ രക്ഷിക്കാനായി മൂന്നാം ശക്തിയെ ജയിപ്പിക്കണം - നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു.

വെബ്ദുനിയ വായിക്കുക