സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

വ്യാഴം, 12 മാര്‍ച്ച് 2015 (07:54 IST)
സംസ്ഥാനനിയമസഭയിലെ പുതിയ സ്പീക്കര്‍ ആരാണെന്ന് ഇന്നറിയാം. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ആരംഭിക്കും. നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ ആണ് യു ഡി എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.
 
ഐഷ പോറ്റിയാണ് ഇടതുമുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ മരിച്ച സാഹചര്യത്തിലാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.
 
കേരള കോണ്‍ഗ്രസ് (ബി) ഇന്ന് നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണയ്ക്കില്ല. കേരള കോണ്‍ഗ്രസ് (ബി) യു ഡി എഫ് വിട്ടെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഐഷ പോറ്റിക്ക് വോട്ടു ചെയ്യുമെന്നും ബാലകൃഷ്‌ണപിള്ള കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
 
നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയടക്കം 75 പേരുടെ പിന്തുണയാണ് ഇന്നലെവരെ ഉണ്ടായിരുന്നത്. എന്നാല്‍, പിള്ള യു ഡി എഫ് വിട്ട സാഹചര്യത്തില്‍ യു ഡി എഫിന് 74 വോട്ടും എല്‍ ഡി എഫിന് 66 വോട്ടും ലഭിക്കണം. അട്ടിമറികള്‍ ഒന്നും നടന്നില്ലെങ്കില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ ശക്തന്‍ സ്പീക്കറാകും.

വെബ്ദുനിയ വായിക്കുക