സുനാമി സതിയെ കൊല്ലാന്‍ ശ്രമിച്ച മുളക് പൊടി ഷിബു പിടിയില്‍

ശനി, 31 ഓഗസ്റ്റ് 2013 (16:13 IST)
PRO
കുപ്രസിദ്ധ ഗുണ്ടയായ സുനാമി സതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ നേമം പള്ളിച്ചല്‍ പുന്നമൂട് തെങ്കര തലയ്ക്കല്‍ അമ്മു ഭവനില്‍ മുളക് പൊടി ഷിബു അഥവാ ആട്ടോ ഷിബു എന്നു വിളിക്കുന്ന ഷിബു (34) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം നടന്ന് മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ്‌ പ്രതിയെ തമ്പാന്നൂര്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്‌ വെട്ടേറ്റ സുനാമി സതി കുപ്രസിദ്ധ ഗുണ്ടയും നാലു കൊലക്കേസുകളില്‍ പ്രതിയുമായ അമ്മയ്ക്കൊരു മകന്‍ സോജുവിന്‍റെ കൂട്ടാളിയാണ്‌.

സതിയെ വെട്ടിയ കേസില്‍ പ്രതിയായ കരമന നെടുങ്കാട് സ്വദേശി പ്രശാന്ത് കുമാര്‍ (21) നേരത്തേ പിടിയിലായിരുന്നു. കഴിഞ്ഞ മേയ്13 നാണ്‌ ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കല്‍ ശിക്ഷയില്‍ നിന്ന് മോചിതനായ സുനാമി സതിയെ ഷിബുവും കൂട്ടരും ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ ഗുണ്ടാ ആക്രമണത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. ഷിബുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക