സുനന്ദയുടെ മരണം: കുറ്റം ഏറ്റെടുക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്ന് തരൂരിന്റെ കത്ത്
ബുധന്‍, 7 ജനുവരി 2015 (16:27 IST)
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം പിയുമായ ശശി തരൂര്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അയച്ച കത്ത് പുറത്ത്. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട്, കേസില്‍ തന്നെയും തന്റെ വീട്ടു ജോലിക്കാരനെയും ഉള്‍പ്പെടുത്താന്‍ ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായാണ് കത്തില്‍ തരൂര്‍ പറയുന്നത്.
ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സിക്ക് കഴിഞ്ഞവര്‍ഷം നവംബര്‍ 12നാണ് തരൂര്‍ കത്ത് അയച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. തന്നെയും ജോലിക്കാരനെയും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തരൂരിന്റെ വീട്ടു ജോലിക്കാരനായ നാരായണ്‍ സിംഗിനെ ഡല്‍ഹി പൊലീസിലെ നാല് ഉദ്യോഗസ്ഥര്‍ നവംബര്‍ ഏഴിന് 16 മണിക്കൂറും നവംബര്‍ എട്ടിന് 14 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ പൊലീസ് കമ്മീഷണര്‍ക്ക് കത്ത് എഴുതിയ തരൂര്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ഈ രണ്ടു ദിവസങ്ങളിലും നാരായണ്‍ സിംഗിനെ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കത്തില്‍ പറയുന്നു. പൊലീസുകാര്‍ നാരായണ്‍ സിംഗിനെ ശാരീരികമായി മുറിവേല്‍പ്പിച്ചു. നാരായണ്‍ സിംഗും താനും ചേര്‍ന്നാണ് സുനന്ദയെ കൊലപ്പെടുത്തിയതെന്ന് സമ്മതിക്കാന്‍ നാരായണ്‍ സിംഗിനെ പൊലീസ് നിര്‍ബന്ധിച്ചതായും കത്തില്‍ പറയുന്നു.
സംഭവത്തില്‍ തനിക്കുള്ള അതൃപ്‌തി, നവംബര്‍ എട്ടിന് രാത്രിയില്‍ പൊലീസ് കമ്മീഷണര്‍ ബസ്സിയെ നേരിട്ടു വിളിച്ച് തരൂര്‍ അറിയിക്കുകയും ചെയ്തിരുന്നു. നാരായണ്‍ സിംഗിനെ കസ്റ്റഡിയില്‍ എടുത്തതിനു ശേഷമുണ്ടായ നടപടികള്‍ നിയമത്തിനു നിരക്കാത്തതും ന്യായീകരിക്കാന്‍ കഴിയാത്തതുമാണെന്നും കത്തില്‍ തരൂര്‍ പറയുന്നു.
നിഷ്കളങ്കനായ ഒരു മനുഷ്യനെ കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള നടപടികളാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കത്തില്‍ വിമര്‍ശിക്കുന്നു. ഇത്തരത്തില്‍ പെരുമാറിയ പൊലീസുകാര്‍ക്ക് എതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണത്തിനും താനും തന്റെ സ്റ്റാഫും തയ്യാറാണെന്നും എന്നാല്‍ പൊലീസുകാരുടെ ഭാഗത്തു നിന്നുണ്ടായ ഈ നടപടി സഹിക്കാന്‍ കഴിയാത്തതാണെന്നും കത്തില്‍ പറയുന്നു. മേല്പറഞ്ഞ കാര്യങ്ങള്‍ വ്യക്തിപരമായി പരിഗണിക്കണമെന്നും സുനന്ദയുടെ മരണം സംബന്ധിച്ച് യഥാര്‍ത്ഥസത്യം പുറത്തുവരുമെന്ന് ഉറപ്പു തരുന്നതായും കത്തില്‍ പറയുന്നുണ്ട്.
ഡല്‍ഹി പൊലീസില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കത്തില്‍ തരൂര്‍ വ്യക്തമാക്കുന്നു. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ വെളിപ്പെടുത്തി ഒരു ദിവസം കഴിയുമ്പോഴാണ് തരൂര്‍ ഡല്‍ഹി പൊലീസിന് എഴുതിയ കത്ത് പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ജനുവരി 17ന് ആയിരുന്നു 52കാരിയായ സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.