സരിത ഇന്ന് മാധ്യമങ്ങളെ കാണില്ല

ഞായര്‍, 23 ഫെബ്രുവരി 2014 (10:24 IST)
PRO
PRO
സോളാര്‍ അഴിമതിക്കേസില്‍ ജയില്‍ മോചിതയായ സരിത എസ് നായര്‍ ഇന്ന് മാധ്യമങ്ങളെ കാണില്ല. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം മാത്രമേ മാധ്യമങ്ങളെ കാണൂ. വാര്‍ത്ത സമ്മേളനം വേണമോയെന്ന കാര്യം ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ കണ്ട ശേഷം മാത്രമേ തീരുമാനിക്കൂവെന്നും ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു.

സരിതയ്ക്കെതിരേ കാസര്‍കോഡ് ഹൊസ്ദുര്‍ഗ് പൊലീസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഉള്ളതിനാലാണ് മാധ്യമപ്രവര്‍ത്തകരെ കാണുന്നതില്‍ നിന്നും സരിത പിന്മാറിയതെന്ന് കരുതുന്നു. ജയില്‍ മോചിതയായപ്പോള്‍ അറസ്റ്റ് വാറണ്ടിനെ കുറിച്ചുള്ള വിവരം ഹൊസ്ദുര്‍ഗ് പൊലീസ് ജയിലധികൃതരെ അറിയിച്ചിരുന്നില്ല. വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് സരിത പിന്‍മാറിയതെന്നാണ് സൂചന.

കഴിഞ്ഞ വ്യാഴാഴ്ച ജാമ്യത്തിലിറങ്ങിയ സരിത അപ്രത്യക്ഷയായതിനെ കുറിച്ച് ഇന്നലെ വിവാദമുണ്ടായിരുന്നു. സരിതയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത് ദുരൂഹമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയ സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ഞായറാഴ്ച രാവിലെ പത്തിന് ആലപ്പുഴയിലോ തിരുവനന്തപുരത്തോ സരിത മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെ കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ സരിതയ്ക്ക് കോടിക്കണക്കിന് രൂപ എവിടെനിന്നാണ് ലഭിച്ചതെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു.

വെബ്ദുനിയ വായിക്കുക