സഭയ്ക്ക് മുന്നിലെ സമരം അക്രമാസക്തമാകുന്നു; പൊലീസ് വാഹനത്തിന് തീയിട്ടു

വെള്ളി, 13 മാര്‍ച്ച് 2015 (10:36 IST)
നിയമസഭയ്ക്ക് മുന്നില്‍ പൊലീസ് വാഹനത്തിനു തീ വെച്ചു. ഇടതുമുന്നണി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയ പി എം ജി ജംഗ്‌ഷനിലെ വികാസ് ഭവനിലെ കെ എസ് ആര്‍ ടി സിക്കു മുന്നില്‍ നിര്‍ത്തിയിട്ട പൊലീസ് വാഹനത്തിനാണ് തീയിട്ടത്. ബസിനുള്ളിലെ സീറ്റ് പൂര്‍ണമായി കത്തി നശിച്ചു. ഉള്ളിലെ സീറ്റും പൊലീസുകാരുടെ ഹെല്‍മറ്റ് അടക്കമുള്ള ഉപകരണങ്ങളും കത്തി നശിച്ചു. ഫയര്‍ഫോഴ്സ് കൃത്യസമയത്ത് എത്തിയതോടെ വാഹനം പൂര്‍ണമായി കത്തി നശിക്കുന്നത് തടയാന്‍ കഴിഞ്ഞു.
 
പി എം ജി ജംഗ്ഷനില്‍ ഇടതു പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തില്‍ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീ‍ര്‍ വാതകം പ്രയോഗിച്ചു. പൊലീസിന് നേരെ ഇടത് മുന്നണി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. അക്രമത്തില്‍ പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
 
നേരത്തെ നിയമസഭ കവാടത്തിലേക്ക് നടത്തിയ മാര്‍ച്ചിനിടെയും പ്രതിഷേധം ഉണ്ടായി. നിയമസഭയ്ക്ക് മുന്നില്‍  പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം  ഉടലെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമണമുണ്ടായിരുന്നു.  ഒരു പ്രകോപനവുമില്ലാതെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതിനെതുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റിരുന്നു.

വെബ്ദുനിയ വായിക്കുക