സംസ്ഥാനത്ത് പുതിയ 12 താലൂക്കുകള്‍

ബുധന്‍, 20 മാര്‍ച്ച് 2013 (16:48 IST)
PRO
PRO
സംസ്ഥാനത്ത് പുതിയ 12 താലൂക്കുകള്‍ കൂടി. മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശ്ശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, പത്തനാപുരം, കോന്നി, വര്‍ക്കല, കാട്ടാക്കട എന്നിവിടങ്ങളിലാണ് പുതിയ താലൂക്കുകള്‍. ബജറ്റ് മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണിയാണ് ഇക്കാര്യമറിയിച്ചത്.

ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സിക്ക് ധനസഹായമായി 100 കോടി കൂടി അനുവദിക്കും. നേരത്തെ ബജറ്റില്‍ അനുവദിച്ച 100 കോടിക്ക് പുറമേയാണ് അധികസഹായമായി മറ്റൊരു 100 കോടി കൂടി നല്‍കുന്നത്. ധനസഹായം കുറഞ്ഞുപോയതില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ബജറ്റ് അവതരണത്തിന് പിന്നാലെ നിയമസഭയില്‍ വെച്ച് തന്നെ ധനമന്ത്രിയോട് പ്രതിഷേധം അറിയിച്ചിരുന്നു.

പുതുതായി വാങ്ങുന്ന സ്ഥലം ആറ് മാസത്തിനുള്ളില്‍ മറിച്ചുവിറ്റാല്‍ ഇനിമുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി ഒന്നര ഇരട്ടി നല്‍കേണ്ടി വരും. മൂന്ന് മാസത്തിനുള്ളില്‍ മറിച്ചുവിറ്റാല്‍ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണമെന്ന് ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് മറുപടി പ്രസംഗത്തില്‍ കെ.എം.മാണി പുതിയ നിര്‍ദേശവും പ്രഖ്യാപിച്ചത്.

ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്ക് മന്ത്രി മാണി മറുപടി പറയുന്നതിനിടെ തങ്ങളുടെ മണ്ഡലത്തെ അവഗണിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. ഭരണപക്ഷത്തിനുമാത്രമാണ് പുതിയ പദ്ധതികള്‍ അനുവദിച്ചതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപമെത്തി ബഹളം വച്ച വി എസ് ശിവന്‍‌കുട്ടിയെ സ്പീക്കര്‍ താക്കീത് ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ നടപടികള്‍ ബഹിഷ്കരിച്ചു.

വെബ്ദുനിയ വായിക്കുക