സംവിധായകന്‍ ലോഹിതദാസ് അന്തരിച്ചു

തിങ്കള്‍, 29 ജൂണ്‍ 2009 (17:01 IST)
PROPRO
ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ ലോഹിതദാസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 10.50 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ ലക്കിടിയിലെ വീട്ടുവളപ്പില്‍.

രാവിലെ ആലുവയിലെ തോട്ടക്കാട്ടുകരയിലെ വീട്ടില്‍വച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ലോഹിതദാസിനെ ഭാര്യയും അടുത്ത സുഹൃത്തുക്കളും ചേര്‍ന്ന്‌ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും, അവിടെനിന്ന്‌ പത്തേകാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അദ്ദേഹത്തെ ഉടന്‍ തന്നെ കൊറോണറി കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണസമയത്ത്‌ ഭാര്യയും മകനും ഒപ്പമുണ്‌ടായിരുന്നു. മൃതദേഹം ഉച്ചയ്ക്ക് എറണാകുളം മഹാരാജാസ്‌ കോളജില്‍ പൊതുദര്‍ശനത്തിന്‌ വെച്ചിരിക്കുകയാണ്. എറെ നാള്‍ അദ്ദേഹത്തിന്‍റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ചാലക്കുടിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ആറുമാസമായി ഹൃദയ സംബന്ധമായ രോഗത്തിന്‌ ലോഹിതദാസ്‌ ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയത്തില്‍ മുന്ന്‌ ബ്ലോക്കുകള്‍ കണ്‌ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായ ശസ്ത്രക്രിയയ്ക്ക്‌ ഡോക്ടര്‍മാര്‍ ഉപദേശിച്ചെങ്കിലും ചലച്ചിത്ര രംഗത്തെ തിരക്കുകള്‍ മൂലം ബൈപ്പാസ്‌ ശസ്ത്രക്രിയ നീട്ടിവയ്ക്കുകയായിരുന്നു. ഇന്നലെ വൈകിട്ടുമുതല്‍ ലോഹിതദാസിന്‌ ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. രാവിലെ അസ്വസ്ഥത അധികരിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്‌.

1955 ല്‍ പളളുരുത്തിയില്‍ ജനിച്ച ലോഹിതദാസിന്‍റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് അരങ്ങായത് ചാലക്കുടിയായിരുന്നു. ലോഹി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് ഒരു ചെറുകഥാകൃത്തായി ആണ് തന്റെ കലാജീവിതം ആരംഭിച്ചത്. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ പി എ സിക്കു വേണ്ടി 1986-ല്‍ നാടകരചന നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ഇടതുപക്ഷ ചായ്‌വുള്ള ‘കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്’ എന്ന നാടകവേദിക്ക് വേണ്ടിയായിരുന്നു ആദ്യ നാടകരചന.

ചെറുകഥകളും ലഘുനാടകങ്ങളുമെഴുതിക്കൊണ്ട്‌ സാഹിത്യ പ്രവര്‍ത്തനമാരംഭിച്ച ലോഹി ‘സിന്ധു ശാന്തമായൊഴുകുന്നു’ (1985) എന്ന ആദ്യനാടകത്തിലുടെ തന്നെ മികച്ച നാടകരചനക്കുളള സംസ്ഥാന അവാര്‍ഡ്‌നേടി. ആദ്യചിത്രമായ ‘തനിയാവര്‍ത്തന’ത്തിന് 1987-ലെ മികച്ച തിരക്കഥക്കുളള സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഇതിനു പുറമേ തിരക്കഥാ രചനയ്‌ക്ക്‌ ഇരുപതോളം അംഗീകാരങ്ങളും ലോഹിയെ തേടിയെത്തിയിട്ടുണ്ട്.

ആദ്യമായി സംവിധാനം ചെയ്‌ത ഭൂതക്കണ്ണാടിക്ക് 1997-ലെ മികച്ച നവാഗത സംവിധായകനുളള ദേശീയ പുരസ്‌കാരവും, മികച്ച ചിത്രത്തിനുളള സംസ്ഥാന അവാര്‍ഡും ലഭിച്ചു. മികച്ച സംവിധായകനുളള പത്മരാജന്‍ പുരസ്‌കാരം, മികച്ച തിരക്കഥക്കുളള പത്മരാജന്‍ പുരസ്‌കാരം, മികച്ച സംവിധായകനുളള രാമുകാര്യാട്ട്‌ അവാര്‍ഡ്‌, മികച്ച സംവിധായകനുളള അരവിന്ദന്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ലോഹിതദാസിന് ലഭിച്ചിട്ടുണ്ട്.

കുടുംബപുരാണം (1988) , കിരീടം (1989), സസ്നേഹം (1990), ഹിസ് ഹൈനസ് അബ്ദുള്ള(1990), ഭരതം (1991), ദശരഥം (1992), അമരം (1991), കൗരവര്‍ (1992), ആധാരം (1992), കമലദളം (1992), വെങ്കലം (1993), സല്ലാപം(1996) തൂവല്‍ക്കൊട്ടാരം (1996) എന്നിങ്ങനെ അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളെല്ലാം മലയാള സിനിമയില്‍ വിജയചരിത്രങ്ങളായി.

1997-ല്‍ ഭൂതക്കണ്ണാ‍ടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം നിരൂപകശ്രദ്ധ പിടിച്ചുപറ്റി. ഭൂതക്കണ്ണാ‍ടിക്ക് ശേഷം, കാരുണ്യം, കന്മദം, ഓര്‍മ്മച്ചെപ്പ്, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം, കസ്തൂരിമാന്‍ (തമിഴ്), ചക്കരമുത്ത് എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. പുതുമുഖങ്ങളെ നായികാ നായകന്മാരാക്കി ഒരുക്കിയ നിവേദ്യമായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.

സിന്ധുവാണ് ലോഹിതദാസിന്‍റെ ഭാര്യ. ഹരികൃഷ്‌ണന്‍, വിജയശങ്കര്‍ എന്നിവര്‍ മക്കളാണ്.

വെബ്ദുനിയ വായിക്കുക