പരവൂര്‍ അപകടം: വെടിക്കെട്ട് കരാറുകാരന്‍ 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍

ഞായര്‍, 10 ഏപ്രില്‍ 2016 (15:44 IST)
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയ കരാറുകാരന്‍ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റ ഇയാള്‍ മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാളുടെ മകന്‍ ഉമേഷും ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
ഇന്ന് രാവിലെ വെടിക്കെട്ട് ദുരന്തം നടക്കുമ്പോള്‍ ഇവര്‍ക്ക് സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അനുമതി നിഷേധിച്ച ശേഷവും വെടിക്കെട്ട് നടത്തിയതിന് ഇയാള്‍ക്കെതിരെയും ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കൃഷ്ണന്‍കുട്ടി എന്നയാളാണ് കമ്പക്കെട്ട് ഒരുക്കിയത്. 
 
അതേസമയം, നിയമവിരുദ്ധമായി സൂക്ഷിച്ചിട്ടുള്ള സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനായി സംസ്ഥാനത്തുടനീളം പൊലീസ് വ്യാപക പരിശോധനകള്‍ നടത്തുന്നുണ്ട്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതായി അറിവുള്ളവര്‍ അധികൃതരെ അറിയിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക