കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനെതിരെ ഇടത് വലത് നേതാക്കള്‍ക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. പണ്ട് വി എസ് അച്ചുതാനന്ദന്‍ നടത്തിയ സൊമാലിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കുമ്മനം ബി ജെ പിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. അട്ടപ്പാടിയെ വി എസ് സൊമാലിയയോട് ഉപച്ചിരുന്നുവെന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം പറഞ്ഞു.
അച്ചുതാനന്ദൻ സോമാലിയയോടുപമിച്ച് അട്ടപ്പാടിയെ അപമാനിച്ചു എന്ന് പറഞ്ഞാരും പ്രതിഷേധിച്ചില്ല. എന്നാലിപ്പോൾ കേരളത്തിലെ ആദിവാസി ജനവിഭാഗങ്ങൾക്കിടയിലെ ശിശു മരണ നിരക്ക് സോമാലിയയിലെ ശിശു മരണ നിരക്കിലും ആശങ്കാജനകമാണ് എന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞതോടെ ചിലർ വിവാദവുമായി ഇറങ്ങിയിരിക്കുകയാണെന്ന് കുമ്മനം കുറ്റപ്പെടുത്തുന്നു.
പ്രധാനമന്ത്രി നടത്തിയത് ആദിവാസി മേഖലകളിലെ ശിശുമരണനിരക്കിനെ മാത്രം മുൻനിർത്തിയുള്ള ഒരു താരതമ്യം ആയിരുന്നെങ്കിൽ, അച്ചുതാനന്ദന്റേത് ചിന്തിച്ചുറപ്പിച്ച ഒരു അഭിപ്രായം തന്നെയായിരുന്നു. പ്രധാനമന്ത്രി കേരളത്തെ സോമാലിയ എന്ന് വിളിച്ചതേയില്ല. വി.എസ് ആകട്ടെ, അട്ടപ്പാടി സോമാലിയ തന്നെ എന്ന് സംശയമൊട്ടുമില്ലാതെ പറയുകയും ചെയ്തു. മുൻപ് അച്ചുതാനന്ദൻ പറഞ്ഞതിനെ അനുകൂലിച്ചവർ പോലും ഇന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ അപലപിക്കാൻ മത്സരിക്കുന്നു. ബി.ജെ.പിയെ പ്രതിരോധിക്കുക എന്നത് മാത്രമായി തങ്ങളുടെ രാഷ്ട്രീയ ദൗത്യത്തെ പരിമിതപ്പെടുത്തിയിരിക്കുന്ന ഇടതുപക്ഷം, യു.ഡി.എഫ് വിരുദ്ധതയുടെ നാടകാഭിനയം അവസാനിപ്പിച്ച് ഭരിക്കുന്ന കോൺഗ്രസ്സിനെ പരസ്യമായി ആശ്ലേഷിക്കുന്നുവെന്നും കുമ്മനം പറയുന്നു.