വിഷുവിന് പച്ചക്കറി വില കുറവായിരുന്നു!

ശനി, 20 ഏപ്രില്‍ 2013 (14:08 IST)
PRO
PRO
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വിഷു സമയത്ത് വര്‍ധിക്കുന്ന പച്ചക്കറി വില വിഷു കഴിയുമ്പോള്‍ താഴുകയുമാണ് പതിവ്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ പച്ചക്കറി വില വിഷു സമയത്തെ വിലയേക്കാള്‍ കൂടുതലായിരിക്കുന്നു. വേനല്‍മഴ ലഭിക്കാത്തത് മൂലം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ കൃഷിയിറക്കാത്തതാണ് കേരളത്തിലെ വിലവര്‍ധനക്ക് കാരണം.

ഇപ്പോള്‍ പച്ചക്കറി വില കേട്ടാല്‍ ആരും ഒന്നു ഞെട്ടും. ഒരു കിലോ ബീന്‍സിന് 100 മുതല്‍ 150 രൂപ വരെയാണ് ചാല മാര്‍ക്കറ്റിലെ വില. ക്യാരറ്റിനും ബീറ്റ്‌റൂട്ടിനും 44ഉം 32ഉം നല്‍കേണ്ടി വരുമ്പോള്‍ 80 രൂപയാണ് ഒരു കിലോ ഇഞ്ചിയുടെ വില.

പച്ചക്കറി വിപണിയെ കൂടാതെ അരി പലവ്യഞ്ജനങ്ങള്‍ പഞ്ചസാര തുടങ്ങിയവയുടെയും വില വര്‍ധിച്ചിട്ടുണ്ട്. ആന്ധ്രയില്‍നിന്നുള്ള അരി വരവ് കുറഞ്ഞതാണ് അരി വിപണിയെ പ്രതികൂലമായി ബാധിച്ചത്. വേനല്‍ച്ചൂടില്‍ വില്‍പ്പന കൂടിയിരിക്കുന്നതിനാല്‍ പഴങ്ങളുടെ വിലയിലും ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നത്.സര്‍ക്കാരിന് വിപണി നിയന്ത്രണം നഷ്ടമായതും വിലക്കയറ്റത്തിന് വഴി വെച്ചു.

കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികള്‍ക്ക് തുച്ചമായ വില ലഭിക്കുമ്പോള്‍ ഇറക്കുമതി ചെയ്യപ്പെടുന്ന പച്ചക്കറികള്‍ക്ക് ഇരട്ടി വിലയാണ് നല്‍കേണ്ടി വരുന്നത്.

വെബ്ദുനിയ വായിക്കുക